മലയാളത്തില്‍ കോപ്പിയടിയുടെ വസന്തകാലം!

വെള്ളി, 18 ജനുവരി 2013 (21:28 IST)
PRO
PRO
മലയാളത്തില്‍ ഇപ്പോള്‍ കോപ്പിയടിയുടെ വസന്തകാലമാണ്. കോക്ടെയില്‍, 22 ഫീമെയില്‍ കോട്ടയം, ബ്യൂട്ടിഫുള്‍, ചാപ്പാകുരിശ് തുടങ്ങി നവസിനിമയുടെ വസന്തങ്ങളെന്നു പ്രകീര്‍ത്തിക്കപ്പെടുന്ന മിക്ക സിനിമകളും വിദേശസിനിമകളുടെ പ്രമേയങ്ങള്‍ അതേപടി പകര്‍ത്തിയവയാണ്. പുതുതലമുറ സംവിധായകരും തിരക്കഥാകൃത്തുക്കളും ഇതിനെ പ്രചോദനം അഥവാ ‘ഇന്‍സ്പിരേഷന്‍’ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ തനി കോപ്പയടിയാണ് ഇതെന്ന് കണ്ടെത്തുന്നത് സാധാരണ പ്രേക്ഷകനാണെന്നതാണ് യാഥാര്‍ഥ്യം. ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കുഞ്ചാക്കോ- ബിജുമേനോന്‍ ചിത്രമായ റോമന്‍സും ദിലീപിന്റെ മൈ ബോസും.

സാന്ദ്രാ ബുള്ളക്കും റയാന്‍ റെയ്മ്ണ്ടും നായികാ നായകന്മാരായി വേഷമിട്ട ദി പ്രപ്പോസല്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ തനി പകര്‍പ്പാണ് ദിലീപ് ചിത്രമായ മൈ ബോസ്. വിസ പ്രശ്നത്തില്‍ കുടുങ്ങുന്ന നായിക ജൂനിയറായ നായകനെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിക്കുന്നതാണ് പ്രപ്പോസലിന്റെയും മൈ ബോസിന്റെയും കഥാതന്തു. ഇതേപോലെ തന്നെ 1989 ല്‍ നീല്‍ ജോര്‍ദ്ദാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'വീ ആര്‍ നോ ഏഞ്ചല്‍സ്‌' എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് റോമന്‍സ്‌.

ചെറിയ ചില കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട്‌ ജയിലിലടയ്‌ക്കപ്പെട്ട രണ്ടു പേര്‍ ജയില്‍ ചാടുന്നതും ആള്‍ മാറാട്ടം നടത്തി നഗരാതിര്‍ത്തിയിലുള്ള ഒരു പള്ളിയില്‍ എത്തുന്നതുമാണ്‌ റോമന്‍സിന്റേയും വീ ആര്‍ നോ ഏഞ്ചല്‍സിന്റേയും കഥാപശ്‌ചാത്തലം.

റോബര്‍ട്ട്‌ ഡി നീറോ, സീന്‍ പെന്‍, ഡെമി മൂര്‍ എന്നിവരായിരുന്നു വീ ആര്‍ നോ ഏഞ്ചല്‍സിലെ അഭിനേതാക്കള്‍. എന്നാല്‍ കോപ്പിയടിയാണെങ്കിലും രസകരമായി കണ്ടിരിക്കാവുന്ന നര്‍മ്മചിത്രമാണ് റോമന്‍സെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപശ്ചാത്തലത്തില്‍ മാത്രമല്ല പോസ്റ്ററില്‍ പോലും സാദൃശ്യമുണ്ടെന്നാണ് ഫേസ്ബുക്ക് വിരുതന്മാര്‍ ചിത്രം സഹിതം സമര്‍ഥിക്കുന്നത്.

വെബ്ദുനിയ വായിക്കുക