മരുമകന്‍ മിന്നുന്നു, സിംഹാസനം ദുരന്തം !

വ്യാഴം, 23 ഓഗസ്റ്റ് 2012 (14:48 IST)
PRO
ദിലീപ് സൂപ്പര്‍താരം ! ജനപ്രിയ നായകന്‍ എന്ന വിളിപ്പേരിനപ്പുറം വളര്‍ന്നിരിക്കുന്നു ദിലീപിന്‍റെ താരമൂല്യം. ദിലീപിന്‍റെ പുതിയ ചിത്രമായ മിസ്റ്റര്‍ മരുമകന്‍ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം ദിലീപിന്‍റെ രണ്ടാമത്തെ ബ്ലോക്ക് ബസ്റ്ററായി ചിത്രം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസ്റ്റര്‍ മരുമകന്‍റെ മൂന്നു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് മൂന്നുകോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയത്. 72 റിലീസിംഗ് കേന്ദ്രങ്ങളില്‍ തുടരുന്ന ചിത്രത്തിന് പ്രേക്ഷകരുടെ എണ്ണം കൂടി വരികയാണ്. മമ്മൂട്ടിയുടെ താപ്പാനയ്ക്ക് വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാതെ പോയതോടെ മരുമകന്‍റെ കളക്ഷന്‍ കുതിച്ചുകയറി.

ദിലീപ്, ഖുശ്ബു, ബിജു മേനോന്‍ എന്നിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും നല്ല കോമഡിയുമാണ് മിസ്റ്റര്‍ മരുമകനെ മഹാവിജയമാക്കുന്നത്. മായാമോഹിനിക്ക് ശേഷം ദിലീപ് വീണ്ടും ബോക്സോഫീസ് രാജാവായി മാറിയിരിക്കുന്നു.

80 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രം താപ്പാനയ്ക്ക് ശരാശരി റിപ്പോര്‍ട്ടാണ്. തിരക്കഥയിലെ ഊര്‍ജ്ജമില്ലായ്മയും പുതുമയില്ലാത്ത കഥാഗതിയും ചിത്രത്തിന് വിനയായി. അതേസമയം, ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ‘സിംഹാസനം’ സമീപകാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തമായി. ഷാജി കൈലാസിനെപ്പോലെ ഒരു മാസ്റ്റര്‍ ഡയറക്ടറുടെ സിനിമയ്ക്ക് റിലീസ് ദിനത്തില്‍ പോലും ആളുകയറാത്ത ദയനീയമായ കാഴ്ചയ്ക്കാണ് കേരളം സാക്‍ഷ്യം വഹിച്ചത്. സിംഹാസനത്തിന് തിരിച്ചടിയായതും തിരക്കഥയിലെ പോരായ്മ തന്നെ.

ഫഹദ് ഫാസിലിന്‍റെ ‘ഫ്രൈഡേ’യ്ക്കും തണുപ്പന്‍ പ്രതികരണമാണ്. പുതുമയുള്ള കഥയാണെങ്കിലും ചിത്രത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത്, അന്‍‌വര്‍ റഷീദിന്‍റെ ഉസ്താദ് ഹോട്ടല്‍ എന്നീ സിനികള്‍ തിയേറ്ററുകളില്‍ വിസ്മയനേട്ടം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക