മമ്മൂട്ടി ‘പ്രേമം’ പരീക്ഷിക്കുന്നില്ല, ഇത് അമ്പരപ്പിക്കുന്ന ട്വിസ്റ്റ് !

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (14:36 IST)
മമ്മൂട്ടിച്ചിത്രമായ ‘പുതിയ നിയമം’ ചില നിയമങ്ങള്‍ തെറ്റിക്കാനുള്ള പുറപ്പാടിലാണ്. ഈ വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. എന്നാല്‍ ചിത്രത്തിന് ട്രെയിലര്‍ ഉണ്ടാവില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘ചില സാങ്കേതിക കാരണങ്ങളാല്‍’ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ വമ്പന്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നു. ചിത്രത്തിന് ട്രെയിലര്‍ ഉണ്ടാവും, അതും ഇന്നുതന്നെ!
 
എ കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമത്തിന്‍റെ ടീസര്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. നല്ല ടീസറെന്ന അഭിപ്രായവും നേടി. ട്രെയിലര്‍ ഉടന്‍ റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്താണ് ട്രെയിലര്‍ വൈകുന്നതെന്ന് ആരാധകര്‍ ആകാംക്ഷയോടെ ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ ട്രെയിലര്‍ ഇല്ലെന്ന അറിയിപ്പുവന്നത്.
 
എന്തായാലും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യുമെന്നും എല്ലാ സാങ്കേതിക തടസങ്ങളും മാറിയെന്നും ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. ഇത് മറ്റൊരു രീതിയിലുള്ള പരീക്ഷണമാണോ എന്ന് സംശയമുണ്ട്. ട്രെയിലര്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പു വരെ ആകാംക്ഷ വളര്‍ത്താനും സസ്പെന്‍സ് നിലനിര്‍ത്താനും അവസാന നിമിഷം ഒരു ട്വിസ്റ്റിലൂടെ ആരാധകരെ ആവേശത്തില്‍ ആറാടിക്കാനുമുള്ള നീക്കമാണെന്നാണ് ഒരു സംസാരം.
 
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘പ്രേമം’ ടീസറോ ട്രെയിലറോ പുറത്തുവിടാതെ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ്. ആ ഒരു രീതിയാണോ പുതിയ നിയമത്തിനായി മമ്മൂട്ടിയും സാജനും പിന്തുടരുന്നതെന്ന് സംശയിച്ചിരുന്നു. എന്തായാലും എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ട്രെയിലര്‍ റിലീസ് ചെയ്യുകയാണ്.
 
ഒരു മെഗാഹിറ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ആര്യ, എസ് എന്‍ സ്വാമി, നയന്‍‌താര തുടങ്ങിയ ഗംഭീര താരനിര ചിത്രത്തിന്‍റെ പ്രത്യേകതയാണ്.