സംവിധായകന്‍ രഞ്ജിത്തിന്‍റെ ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ രഞ്ജിത്തും അവതരിപ്പിച്ചു. രഞ്ജിത് നിര്‍മ്മിച്ച കൈയൊപ്പിലും പ്രാഞ്ചിയേട്ടനിലും മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോഴിതാ, മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രഞ്ജിത് സുപ്രധാനമായ ഒരു കഥാപാത്രമായി എത്തുന്നു.
മമ്മൂട്ടി നിര്‍മ്മിക്കുന്ന ‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലാണ് ഡോ. ശിവദാസന്‍ എന്ന കഥാപാത്രമായി രഞ്ജിത് അഭിനയിക്കുന്നത്. ശിവദാസന്‍ ഒരു നേത്രരോഗ വിദഗ്ധനാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ ഗോപീകൃഷ്ണന് ഒരു കണ്ണിന് കാഴ്ചയില്ല. അതുകൊണ്ടുതന്നെ ശിവദാസന്‍റെ ആശുപത്രിയിലെ നിത്യസന്ദര്‍ശകനാണ് ഗോപീകൃഷ്ണന്‍. വെള്ളിമല എന്ന ഗ്രാമത്തിലെ ഡാം ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് ഈ പട്ടാളക്കാരന്‍ ഇപ്പോള്‍.
അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ എഴുതുന്നത് ജയിംസ് ആല്‍ബര്‍ട്ടാണ്. താന്‍ എഴുതുന്ന സിനിമ മമ്മൂട്ടി ആദ്യം നിര്‍മ്മിക്കുന്ന സിനിമയായി മാറിയതിന്‍റെ ആവേശത്തിലാണ് ജയിംസ് ആല്‍ബര്‍ട്ട്. “ഒരു നടന്‍ എന്ന നിലയില്‍ തന്‍റെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ കിട്ടുന്ന കഥാപാത്രം എന്ന നിലയിലാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായത്. ഈ ചിത്രം സൂപ്പര്‍താരത്തിന്‍റെ പകിട്ടിലുള്ള ചിത്രമല്ല. തിരക്കഥയാണ് ഇതിലെ ഹീറോ. സാധാരണയായി കാണുന്ന അമാനുഷ കഥാപാത്രങ്ങളുടെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിയാനും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരുടെ കൂട്ടത്തിലാണ് താന്‍ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാനും ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിയും” - ജയിംസ് ആല്‍ബര്‍ട്ട് പറയുന്നു.
ശ്രീനിവാസന്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും ജവാന്‍ ഓഫ് വെള്ളിമലയിലുണ്ട്.
വാല്‍ക്കഷണം: ലാല്‍ സംവിധാനം ചെയ്ത ‘കോബ്ര’ ആയിരുന്നു മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കാനിരുന്ന ചിത്രം. എന്നാല്‍ ആ സമയത്താണ് ഇന്‍കം ടാക്സ് റെയ്ഡും മറ്റ് പ്രശ്നങ്ങളും ഉണ്ടായത്. അങ്ങനെ ആ പ്രൊജക്ട് നിര്‍മ്മിക്കുന്നതില്‍ നിന്ന് മമ്മൂട്ടി പിന്‍മാറുകയായിരുന്നു.