മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന അഭിപ്രായത്തെ അദ്ദേഹം വിജയകരമായി മറികടന്നത് ‘രാജമാണിക്യം’ എന്ന ഒറ്റച്ചിത്രത്തിലൂടെയാണ്. അതിന് ശേഷം ആരും ‘കോമഡി വഴങ്ങാത്ത നടന്‍’ എന്ന് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിട്ടില്ല. രാജമാണിക്യത്തിലെ ബെല്ലാരിരാജ എന്ന കിടിലന്‍ കഥാപാത്രത്തെ ഉജ്ജ്വലമാക്കാന്‍ മമ്മൂട്ടിക്ക് സഹായകമായത് ആ കഥാപാത്രത്തിന്‍റെ ‘തിര്വന്തോരം’ ഭാഷയാണ്.
തിര്വന്തോരം ഭാഷയെ സിനിമയില്‍ തരംഗമാക്കാന്‍ തുടക്കമിട്ടത് സുരാജ് വെഞ്ഞാറമ്മൂട് ആണെങ്കിലും അത് ഏറെ ജനകീയമായത് മമ്മൂട്ടി രാജമാണിക്യത്തില്‍ അത് പ്രയോഗിച്ചതോടെയാണ്. തിര്വന്തോരം സ്ലാങില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇതുവരെ ആരും ഇല്ല എന്നുതന്നെ പറയാം. തിരുവനന്തപുരത്തുകാരനായ സുരാജ് പോലും ഇക്കാര്യത്തില്‍ മമ്മൂട്ടിക്ക് പിന്നിലേ വരൂ.
എന്തായാലും മമ്മൂട്ടിയുടെ ഈ കുത്തക തകര്‍ക്കാനൊരുങ്ങുകയാണ് സുരേഷ്ഗോപി. ദീപന്‍ സംവിധാനം ചെയ്യുന്ന ‘ഡോള്‍ഫിന്‍ ബാര്‍’ എന്ന സിനിമയിലാണ് തിര്വന്തോരം സ്ലാങില്‍ സുരേഷ്ഗോപി അടിച്ചുപൊളിക്കാനൊരുങ്ങുന്നത്. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പനമുട്ടം സുര എന്ന ബാര്‍ ഉടമയായാണ് സുരേഷ്ഗോപി വേഷമിടുന്നത്.
അല്ലെങ്കില്‍ തന്നെ മമ്മൂട്ടിയുമായി അത്ര രസത്തിലല്ലാത്ത സുരേഷ്ഗോപി മമ്മൂട്ടിയേക്കാള്‍ മികച്ച രീതിയില്‍ ‘തിര്വന്തോരം’ ഭാഷ അവതരിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണാം.