മമ്മൂട്ടിയുടെ ‘അച്ഛാദിന്‍’ എന്‍റെ മാത്രം പരാജയം; ‘പാവാട’യുടെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ തുറന്നുപറയുന്നു!

ശനി, 30 ജനുവരി 2016 (16:05 IST)
കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രമായ ‘അച്ഛാദിന്‍’ പ്രദര്‍ശനത്തിനെത്തിയത്. വലിയ പ്രതീക്ഷയുണര്‍ത്തിയെത്തിയ സിനിമ തിയേറ്ററുകളില്‍ വലിയ പരാജയമായി മാറി. മോശം തിരക്കഥയായിരുന്നു ചിത്രത്തിന്‍റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത്.
 
ആ പരാജയത്തിന് ഒരു വര്‍ഷം പോലും തികയും മുമ്പേ മലയാള സിനിമയില്‍ മിന്നുന്ന വിജയം സമ്മാനിച്ചിരിക്കുകയാണ് മാര്‍ത്താണ്ഡന്‍ ‘പാവാട’ എന്ന ചിത്രത്തിലൂടെ. പൃഥ്വിരാജ് നായകനായ പാവാട മൂന്നാം വാരത്തിലെത്തുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്.
 
“അച്ഛാദിന്‍ ഉദ്ദേശിച്ച നിലയില്‍ വരാത്തതിന്‍റെ കാരണം ഞാന്‍ മനസിലാക്കിയിരുന്നു. വിജയവും പരാജയവും സിനിമയില്‍ സര്‍വ്വ സാധാരണമാണ്. പരാജയപ്പെടണമെന്ന് കരുതി ആരും ഒരു സിനിമ ചെയ്യില്ല. അച്ഛാദിനിന്‍റെ പരാജയം എന്‍റെ മാത്രം പരാജയമെന്ന നിലയില്‍ കാണാനാണ് ഇഷ്ടം. ആ ചിത്രത്തിലെ ക്രൂവിന്‍റെയോ കാസ്റ്റിന്‍റെയോ പരാജയമായി കാണുന്നില്ല” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാര്‍ത്താണ്ഡന്‍ വ്യക്തമാക്കുന്നു.
 
“എന്നാല്‍ പാവാടയുടെ വിജയം എന്‍റെ മാത്രം വിജയമല്ല. മൊത്തം ക്രൂവിന്‍റെയും വിജയമാണ്. വിജയം എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു. പരാജയം ചിലപ്പോള്‍ സംഭവിച്ചുപോകുന്നതാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു” - മാര്‍ത്താണ്ഡന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക