മമ്മൂട്ടിയുടെ കർണന് വേണ്ടി എംടി അഡ്വാൻസ് വാങ്ങി; എല്ലാം ഓകെയായിരുന്നു, പക്ഷേ...

ബുധന്‍, 3 മെയ് 2017 (14:33 IST)
മലയാള സിനിമയുടെ പ്രധാന ചർച്ചാവിഷയം മോഹൻലാലിന്റെ രണ്ടാ‌മൂഴമാണ്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം. എന്നാൽ, ഇതിനുമുമ്പ് മലയാള സിനിമയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റേയും കർണന്മാർ ആയിരുന്നു.
 
നടനും തിരക്കഥാകൃത്തുമായി പി ശ്രീകുമാർ കർണനെ സിനിമയാക്കാൻ തീരുമാനിച്ചു. ഒരൊറ്റ നിർബന്ധം തിരക്കഥ എംടി എഴുതണം. ഇക്കാര്യം എംടിയോട് ശ്രീകുമാർ അറിയിക്കുകയും അദ്ദേഹം തിരക്കഥ എഴുതാമെന്ന് സമ്മതിക്കുകയും ചെയ്തു. അഡ്വാൻസും വാങ്ങി.
 
എന്നാൽ, ഇതിനിടക്കാണ് അദ്ദേഹത്തിന് ഡയബറ്റീസിന്റെ അസുഖമുണ്ടാകുന്നത്. ആശുപത്രി വാസം കഴിഞ്ഞാൽ ചർച്ച തുടങ്ങാമെന്നും തിരക്കഥ എഴുത്ത് ആരംഭിക്കാമെന്നുമായിരുന്നു എംടി ശ്രീകുമാറിനോട് പറഞ്ഞത്. എന്നാൽ, 1994 കാലഘട്ടത്തിൽ വിതരണക്കാരനുമായി ബന്ധപ്പെട്ട് നിർമാതാവിന് സ്വൽപ്പം കല്ലുകടി ഉണ്ടാകുകയും എംടി ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തുവത്രേ. 
 
എംടി പിന്മാറിയതോടൊപ്പം അഡ്വാൻസും അദ്ദേഹം തിരികെ നൽകി. എന്നാൽ, കർണൻ ഉപേക്ഷിക്കാൻ ശ്രീകുമാറിന് ഉദ്ദേശമുണ്ടായിരുന്നില്ല. എംടിയുടെ നിർദേശ പ്രകാരമാണ് പി ശ്രീകുമാര്‍ കര്‍ണന്റെ തിരക്കഥ രചനയിലേക്ക് കടക്കുന്നത്. ശ്രീകുമാറിന് ഭംഗിയായി തിരക്കഥ എഴുതാനാകുമെന്ന് പറഞ്ഞ എംടി കുറച്ച് പുസ്തകങ്ങളും ശ്രീകുമാറിന് നിര്‍ദേശിച്ചു.
 
അങ്ങനെ മമ്മൂട്ടിയുടെ കർണന് വേണ്ടി ശ്രീകുമാര്‍ തിരക്കഥ എഴുതി. മധുപാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ തീരുമാനമായത് അടുത്ത കാലത്താണ്. 

വെബ്ദുനിയ വായിക്കുക