മമ്മൂട്ടിയും പൃഥ്വിയും കൂട്ടുകൂടുന്നത് ഈ വര്‍ഷം അവസാനം!
ബുധന്‍, 2 മെയ് 2012 (14:23 IST)
PRO
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ഈ വര്‍ഷം അവസാനം നടക്കും. അമല്‍ നീരദ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ബാച്ച്ലര് പാര്‍ട്ടിയുടെ റിലീസിന് ശേഷമായിരിക്കും ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ തുടങ്ങുക. ചിത്രം 2013 ആദ്യം റിലീസ് ചെയ്യും.
1950 കാലഘട്ടത്തില്‍ കഥ പറയുന്ന ചിത്രമായിരുന്നു ‘അരിവാള്‍ ചുറ്റിക നക്ഷത്രം’. എന്നാല്‍ പഴയ കാലഘട്ടത്തിലെ കഥ പറഞ്ഞ ‘വെനീസിലെ വ്യാപാരി’ വലിയ ഓളം തീര്‍ക്കാതെ പോയതോടെ ഈ സിനിമയും മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കേരളപ്പിറവിക്കുമുമ്പുമുള്ള കേരളപശ്ചാത്തലത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രം കഥ പറയുന്നത്. മമ്മൂട്ടി ഈ ചിത്രത്തില്‍ നായകനാണെങ്കില്‍ പൃഥ്വിരാജ് വില്ലനാണ്.
പേര് സൂചിപ്പിക്കുന്നതുപോലെ അമ്പതുകളില്‍ കേരളത്തില്‍ തിളച്ചുമറിഞ്ഞ രാഷ്ട്രീയം ഈ സിനിമ ചര്‍ച്ച ചെയ്യും എന്നുറപ്പാണ്. ‘ഉറുമി’യെഴുതി പൃഥ്വിരാജിന്റെ ഇഷ്ടക്കാരനായി മാറിയ ശങ്കര്‍ രാമകൃഷ്ണനാണ് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ രചിക്കുന്നത്.
PRO
പൃഥ്വിയുടെ നേതൃത്വത്തിലുള്ള ‘ആഗസ്റ്റ് സിനിമ’ എന്ന നിര്‍മ്മാണക്കമ്പനിയാണ് ഈ പ്രൊജക്ടിന് ചുക്കാന്‍ പിടിക്കുന്നത്. മലയാളത്തിലെ വന്‍ താരങ്ങളും ഇന്ത്യന്‍ സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ.
ഇതൊരു ത്രില്ലറാണെന്ന സൂചനകളും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. 25 കോടി രൂപയോളം മുതല്‍മുടക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വണ്‍വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്‍ പോക്കിരിരാജ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.