താന്‍ മമ്മൂട്ടിച്ചിത്രം ചെയ്യുന്നില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. തന്‍റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന രീതിയില്‍ വന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും അടുത്ത സിനിമ എന്തായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും നാദിര്‍ഷ അറിയിച്ചു.
കഥയും തിരക്കഥയും പൂര്‍ത്തിയായതിന് ശേഷം മാത്രമേ അടുത്ത പ്രൊജക്ട് പ്രഖ്യാപിക്കുകയുള്ളൂ എന്നും ആരും റൂമറുകള്‍ക്ക് പിന്നാലെ പോകരുതെന്നും നാദിര്‍ഷ അറിയിച്ചു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ മെഗാഹിറ്റുകളുടെ സംവിധായകന്‍ ഇനി മമ്മൂട്ടിയെ നായകനാക്കിയാണ് സിനിമ ചെയ്യുന്നതെന്നും ബെന്നി പി നായരമ്പലം ആ സിനിമയ്ക്ക് തിരക്കഥയെഴുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മമ്മൂട്ടിച്ചിത്രം ചെയ്യുന്നതിനെക്കുറിച്ച് നാദിര്‍ഷ ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് വിവരം.
ബെന്നി പി നായരമ്പലം ഇപ്പോള്‍ ലാല്‍ ജോസിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ രചിക്കുകയാണ്. മമ്മൂട്ടിയാകട്ടെ അനവധി പ്രൊജക്ടുകളുടെ തിരക്കിലുമാണ്. ഈ സാഹചര്യത്തില്‍ നാദിര്‍ഷയുടെ അടുത്ത സിനിമയും യുവതാരങ്ങള്‍ക്കൊപ്പമാകാനാണ് സാധ്യത.