ബാഹുബലി 2 വന്നു, പക്ഷേ എതിരെ നില്‍ക്കുന്നത് ഡേവിഡ് നൈനാനാണ്; രാജമൌലിക്ക് കളി പിഴച്ചോ?

വെള്ളി, 28 ഏപ്രില്‍ 2017 (12:29 IST)
മമ്മൂട്ടി ആരാധകരുടെ വലിയ ആശങ്കയായിരുന്നു അത്. ബാഹുബലി 2 റിലീസാകുമ്പോള്‍ മലയാളത്തിന്‍റെ അഭിമാനചിത്രമായ ദി ഗ്രേറ്റ്ഫാദറിന് എന്തുസംഭവിക്കും എന്നത്. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായി എന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ടുകള്‍.
 
ബാഹുബലിയുടെ വരവോടെ ഗ്രേറ്റ്ഫാദര്‍ നാലോ അഞ്ചോ ഷോ കളിച്ചിരുന്ന ചില തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ചില തിയേറ്ററുകളില്‍ നിന്ന് ഗ്രേറ്റ്ഫാദറിന് മാറേണ്ടിവന്നിട്ടുണ്ട്. അത് സ്വാഭാവികമായ മാറ്റമാണ്. 250 കോടി മുതല്‍മുടക്കുള്ള വമ്പന്‍ സിനിമ വരുമ്പോള്‍ ആറുകോടി മുതല്‍ മുടക്കുള്ള, 50 ദിവസത്തോളമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമ ചിലയിടങ്ങളില്‍ മാറ്റേണ്ടിവരും. അത് ബിസിനസിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.
 
എന്നാല്‍ അത്ഭുതാവഹമായ കാഴ്ച, ഗ്രേറ്റ്ഫാദര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്നുള്ളതാണ്. ബാഹുബലി തരംഗത്തിനിടയിലും ഗ്രേറ്റ്ഫാദര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ നിറഞ്ഞുകവിയുകയാണ്. ഹൌസ് ഫുള്‍ ഷോകളാണ് എല്ലായിടത്തും. മമ്മൂട്ടി എന്ന താരരാജാവിന്‍റെ അസാധാരണമായ അഭിനയപ്രകടനം സാധ്യമായ സിനിമയ്ക്ക് ജനം തിക്കിത്തിരക്കുകയും ടിക്കറ്റ് കിട്ടാതെ മടങ്ങുകയും ചെയ്യുന്നത് മലയാള സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷകരമായ ദൃശ്യം തന്നെ.
 
മമ്മൂട്ടി, ആര്യ, സ്നേഹ, അനിഖ, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഗംഭീരമായ അഭിനയപ്രകടനവും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും പശ്ചാത്തല സംഗീതവും തകര്‍പ്പന്‍ ഫൈറ്റ് സീക്വന്‍സുകളുമാണ് ഈ സിനിമയെ ഇപ്പോഴും പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്സ് ആയി നിലനിര്‍ത്തുന്നത്.
 
പൃഥ്വിരാജ് നിര്‍മ്മിച്ച ദി ഗ്രേറ്റ്ഫാദര്‍ ഹനീഫ് അദേനി എന്ന നവാഗത സംവിധായകനാണ് അണിയിച്ചൊരുക്കിയത്. ചിത്രത്തിന്‍റെ കളക്ഷന്‍ 60 കോടിയും കടന്ന് മുന്നേറുകയാണ്.

വെബ്ദുനിയ വായിക്കുക