'ബാഹുബലി' ഇറങ്ങിയ നാട്ടില്‍ ഇനി ആക്ഷന്‍സിനിമയെന്നു പറയുന്നതുതന്നെ നാണക്കേട്: രഞ്ജിത്

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (13:51 IST)
‘ലോഹം’ എന്ന തന്‍റെ പുതിയ ചിത്രം രാവണപ്രഭുവോ ദേവാസുരമോ അല്ലെന്ന് തുറന്നുപറഞ്ഞ് രഞ്ജിത്. ഇതിനെ ഒരു ആക്ഷന്‍ സിനിമയെന്ന് വിളിക്കാനാവില്ലെന്ന് രഞ്ജിത് പറയുന്നു. ബാഹുബലി ഇറങ്ങിയ നാട്ടില്‍ ഇനി ആക്ഷന്‍സിനിമയെന്നു പറയുന്നതുതന്നെ നാണക്കേടാണെന്നും രഞ്ജിത് പറഞ്ഞുവയ്ക്കുന്നു.
 
“ബാഹുബലിയൊക്കെ ഇറങ്ങിയ നാട്ടില്‍ ഇനി ആക്ഷന്‍സിനിമയെന്നു പറയുന്നതുതന്നെ നാണക്കേടാണ്. തിരശ്ശീലയില്‍ കാണാവുന്ന ഏറ്റവും വലിയ അദ്ഭുതങ്ങള്‍ യുദ്ധത്തിന്റെയും അമാനുഷിക പ്രകടനങ്ങളുടെയുമൊക്കെ രൂപത്തില്‍ പ്രേക്ഷകന്‍ കണ്ടുകഴിഞ്ഞു. ഇനിയെന്തുകാട്ടാന്‍? ഇത് അങ്ങനെയൊന്നുമല്ല. നമ്മുടെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനെ മുഷിപ്പിക്കാത്ത രീതിയില്‍ അവര്‍ക്കന്യമല്ലാത്ത ചിലത് പറയുന്നുവെന്നുമാത്രം” - മാതൃഭൂമിക്കുവേണ്ടി ശരത്കൃഷ്ണയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു. 
 
“നായകന്‍, പ്രതിനായകന്‍, നായിക, നായകന്റെയും പ്രതിനായകന്റെയും കുടുംബബന്ധപശ്ചാത്തലം, അവര്‍ തമ്മിലുള്ള സംഘര്‍ഷം അങ്ങനെയേ അല്ല ലോഹം. നായകനും പ്രതിനായകനും ഈ ചിത്രത്തില്‍ ഇല്ല. നായകനും പ്രതിനായകനും തമ്മിലുള്ള വാക് യുദ്ധങ്ങള്‍ക്കും സാധ്യതയില്ലാത്ത സിനിമയാണിത്. ഇത് സംഭവങ്ങളിലൂടെയും തുടര്‍സംഭവങ്ങളിലൂടെയുമുള്ള യാത്രയാണ്” - രഞ്ജിത് പറഞ്ഞു. 
 
“എന്‍റെ ലാല്‍ കഥാപാത്രങ്ങളുടെ തുടര്‍ച്ച ലോഹത്തില്‍ പ്രതീക്ഷിക്കരുത്. വേറൊരുതരം കഥാപാത്രമായി ലാലിനെ അവതരിപ്പിക്കുന്നതിലുള്ള മനോഹാരിതയുണ്ടല്ലോ... അത് പ്രേക്ഷകര്‍ക്ക് നല്കാനാണ് ശ്രമിച്ചത്. പഴയകാല സ്വഭാവത്തിലുള്ള സിനിമയായിരിക്കുമോ എന്ന സംശയത്തിനും ആകാംക്ഷയ്ക്കും അതുകൊണ്ടുതന്നെ പ്രസക്തിയില്ല. ഫ്യൂഡല്‍സ്വഭാവമോ മെട്രോസംസ്‌കാരമോ ഒന്നും പേറുന്നില്ല ഇതിലെ മോഹന്‍ലാല്‍” - രഞ്ജിത് പറയുന്നു.
 
മോഹന്‍ലാലിന്‍റെ ഓണച്ചിത്രമാണ് ലോഹം. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക.

വെബ്ദുനിയ വായിക്കുക