ബാഹുബലിയെ വെല്ലാന്‍ എന്തിരന്‍ 2: ചെലവ് 300 കോടി, രജനിക്ക് വില്ലന്‍ ഹൃത്വിക് റോഷന്‍!

ചൊവ്വ, 21 ജൂലൈ 2015 (18:57 IST)
എന്തിരന്‍ 2 എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം സംവിധായകന്‍ ഷങ്കറും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനും ചര്‍ച്ചകള്‍ നടത്തി. ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലന്‍ വേഷത്തിനായാണ് ഈ ചര്‍ച്ചകളും കൂടിക്കാഴ്ചകളുമെല്ലാം നടന്നത്. എന്നാല്‍ ഒടുവില്‍ ഈ പ്രൊജക്ട് ആമിര്‍ വേണ്ടെന്നുവച്ചു. 
 
എന്തിരന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താല്‍‌പ്പര്യമില്ലെന്ന് ഷങ്കറിനോട് ആമിര്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആമിറിന്‍റെ ഈ പ്രവൃത്തിയില്‍ ഷങ്കര്‍ അതൃപ്തനാണ്. ആമിറിനെ മുന്നില്‍ക്കണ്ടാണ് എന്തിരന്‍ 2ലെ വില്ലന്‍ കഥാപാത്രത്തെ ഷങ്കര്‍ രൂപപ്പെടുത്തിയതുപോലും,. എന്തായാലും ആമിര്‍ ഈ സിനിമ വേണ്ടെന്നുവച്ചതോടെ വേറെ ആരെ പരീക്ഷിക്കാം എന്ന ആലോചനയിലായി ഷങ്കര്‍. അങ്ങനെയാണ് വില്ലനായി വിക്രം തന്നെയായാലോ എന്ന് ചിന്തിച്ചത്.
 
വിക്രമിനും ഇക്കാര്യത്തില്‍ സന്തോഷമായിരുന്നു. എന്നാല്‍ ‘ഐ’ക്ക് ശേഷം വിക്രം വീണ്ടും ഷങ്കര്‍ ചിത്രത്തില്‍ വരുന്നത് പ്രേക്ഷകര്‍ക്ക് ആവര്‍ത്തനം ഫീല്‍ ചെയ്താലോ എന്ന് കരുതിയിട്ടാകണം ഷങ്കര്‍ ആ തീരുമാനം ഉപേക്ഷിച്ചു. എന്തായാലും ഷങ്കര്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
 
എന്തിരന്‍ 2ല്‍ രജനികാന്തിന് വില്ലനായി വരുന്നത് സാക്ഷാല്‍ ഹൃത്വിക് റോഷന്‍ ആയിരിക്കും. ചിത്രത്തിന്‍റെ ബജറ്റ് 300 കോടി രൂപയാണ്. എസ് എസ് രാജമൌലിയുടെ ‘ബാഹുബലി’ ഇന്ത്യയാകെ തരംഗമായതോടെ അതിനെ മറികടക്കുന്ന പ്രൊജക്ടാക്കി എന്തിരന്‍ 2 മാറ്റണമെന്ന ചിന്തയാണ് ഷങ്കറിനെ ഇപ്പോള്‍ നയിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയ്ക്ക് രത്നവേലുവോ രവി കെ ചന്ദ്രനോ ക്യാമറ ചലിപ്പിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഒരു ഗ്രാഫിക്സ് വിസ്മയം തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക