പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒരു മത്സരത്തിലാണ്; ആര്‍ക്കുകിട്ടും ലാലിനെയും ശ്രീനിയെയും?

ശനി, 28 ജനുവരി 2017 (10:40 IST)
മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും. അവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് തിരക്കഥയും ശ്രീനിവാസന്‍ തന്നെയായിരിക്കും. ഇക്കാര്യം ഏതാണ്ട് തീരുമാനമായ മട്ടാണ്. എന്നാല്‍, ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ ആര് സംവിധാനം ചെയ്യും?
 
ഈ വിഷയത്തില്‍ സിനിമാലോകത്ത് ഒരു മത്സരം നടക്കുകയാണെന്നാണ് കൌതുകകരമായ റിപ്പോര്‍ട്ട്. മോഹന്‍ലാലും ശ്രീനിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമങ്ങള്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ഊര്‍ജ്ജിതമാക്കി.
 
രണ്ടുപേരും ശ്രീനിവാസനുമായി കഥാചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രിയന്‍റെയും സത്യന്‍റെയും കൈവശം കഥകള്‍ റെഡിയാണ്. എന്നാല്‍ ശ്രീനിവാസന്‍റെ തിരക്കുകള്‍ മാറി അത് തിരക്കഥയായി എഴുതിക്കിട്ടുക എന്നതിലാണ് കാര്യം.
 
ആദ്യം ആര്‍ക്കുവേണ്ടിയാണ് ശ്രീനി എഴുതുക എന്നതിനെ ആശ്രയിച്ചിരിക്കും ഈ മത്സരത്തിലെ ജയവും തോല്‍‌വിയും‍. എന്തായാലും ആരുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ - ശ്രീനി കൂട്ടുകെട്ട് വീണ്ടും വന്നാലും അതൊരു ഗംഭീര സിനിമയായിരിക്കും. 
 
ഈ വര്‍ഷം തന്നെ മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‍റെ സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക