പൃഥ്വി ഡോക്ടറാണ്, ചാക്കോച്ചനോ? ഉടന്‍ അറിയാം!

വെള്ളി, 11 മെയ് 2012 (17:27 IST)
PRO
PRO
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്‍ലെയ്സ്’ തിയേറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നു. ഫഹദ് ഫാസില്‍ ആ ചിത്രത്തില്‍ ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. യാദൃശ്ചികതയാകാം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായക കഥാപാത്രവും ഒരു ഡോക്ടറാണ്.

പൃഥ്വിരാജാണ് ചിത്രത്തില്‍ ഡോക്ടറായി അഭിനയിക്കുന്നത്. എന്നാല്‍ സിനിമയില്‍ പൃഥ്വി മാത്രമല്ല നായകന്‍. ഇപ്പോഴത്തെ വിജയതാരം കുഞ്ചാക്കോ ബോബന്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. പൃഥ്വി ഡോക്ടറാണെങ്കില്‍ ചാക്കോച്ചന്‍റെ റോള്‍ എന്തായിരിക്കും? അത് ഒരു സസ്പെന്‍സാണ്. ലാല്‍ ജോസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഒരു രഹസ്യം. എന്തായാലും ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ വിവരങ്ങള്‍ ഉടന്‍ ലാല്‍ ജോസ് പുറത്തുവിടുമെന്നാണ് അറിയുന്നത്.

സഞ്ജയ് - ബോബി ടീമാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ലാല്‍ ജോസിന് ഇവര്‍ ആദ്യമായെഴുതുന്ന തിരക്കഥയാണിത്. റിമ കല്ലിങ്കലും രമ്യാ നമ്പീശനുമാണ് നായികമാര്‍. ചിത്രത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല. പ്രാകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് കിട്ടുന്ന വിവരം. ലാല്‍ ജോസിന്‍റെ കഴിഞ്ഞ ചിത്രങ്ങള്‍ വലിയ ഹിറ്റുകള്‍ ആകാത്തതിനാല്‍ ഈ സിനിമ അദ്ദേഹത്തിന് നിര്‍ണായകമായിരിക്കും. സഞ്ജയ് - ബോബി ടീമിന് അവരുടെ കരിയറിലെ ബ്ലാക്ക് മാര്‍ക്കായ ‘കാസനോവ’യുടെ ഓര്‍മ്മ മറയ്ക്കണമെങ്കിലും ഈ സിനിമയുടെ വിജയം അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക