മലയാള സിനിമയിലെ മികച്ച നടന്‍മാരുടെ നിരയില്‍ പൃഥ്വിരാജ് നേരത്തേ സ്ഥാനം പിടിച്ചതാണ്. ഏത് കഥാപാത്രത്തെയും അനായാസസുന്ദരമായി അവതരിപ്പിക്കാന്‍ പൃഥ്വിക്കുള്ള കഴിവാണ് മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാമന്‍ എന്ന കസേരയിലേക്ക് പൃഥ്വിയെ പ്രതിഷ്ഠിക്കാന്‍ കാരണമായത്. ഇപ്പോഴിതാ, മലയാള സിനിമയുടെ ബോക്സോഫീസ് രാജാവായും പൃഥ്വി മാറിയിരിക്കുന്നു.
പൃഥ്വി നായകനായ ‘എന്ന് നിന്‍റെ മൊയ്തീന്‍’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളുടെ ഗണത്തില്‍ ഇടം നേടിയിരിക്കുന്നു. ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍ 25 കോടി പിന്നിട്ടു. ഇപ്പോഴും എല്ലാ റിലീസ് കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍ ഹൌസില്‍ കളിക്കുകയാണ് എന്ന് നിന്‍റെ മൊയ്തീന്‍. ഈ സിനിമയുടെ കേരളത്തില്‍ നിന്നുമാത്രമുള്ള കളക്ഷന്‍റെ കാര്യമാണ് പറഞ്ഞത്. കേരളത്തിന് പുറത്തുനിന്നുള്ള കളക്ഷനും സാറ്റലൈറ്റ് അവകാശത്തുകയും ഈ കണക്കിന്‍റെ കൂടെ കൂട്ടിയിട്ടില്ല.
അതേസമയം, പൃഥ്വിരാജ് തന്നെ നായകനായ അമര്‍ അക്ബര്‍ അന്തോണിയാണ് കേരള ബോക്സോഫീസിലെ പുതിയ അട്രാക്ഷന്‍. റിലീസായി മൂന്നുദിവസം പിന്നിട്ട ചിത്രത്തിന്‍റെ കളക്ഷന്‍ 10 കോടിയിലേക്ക് കുതിക്കുകയാണ്. റിലീസ് ദിവസമായ വെള്ളിയാഴ്ച മാത്രം 2.76 കോടി രൂപയാണ് ഈ സിനിമ വാരിക്കൂട്ടിയത്.
ഈ വര്‍ഷം തന്നെ പൃഥ്വിരാജിന്‍റെ രണ്ട് വലിയ റിലീസുകള്‍ കൂടി ഉണ്ടാകുമെന്നുറപ്പാണ്. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന ‘അനാര്‍ക്കലി’യാണ് അതിലൊന്ന്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘പാവാട’യാണ് മറ്റൊരു വലിയ പ്രതീക്ഷ.