പൃഥ്വിയുടെ ‘ലണ്ടന്‍ ബ്രിഡ്ജ്’ അനിശ്ചിതാവസ്ഥയില്‍, റിലീസ് അടുത്ത വര്‍ഷം ഉണ്ടായേക്കും!
ശനി, 14 സെപ്‌റ്റംബര്‍ 2013 (14:49 IST)
PRO
പൃഥ്വിരാജ് നായകനായ ‘ലണ്ടന്‍ ബ്രിഡ്ജ്’ അനിശ്ചിതാവസ്ഥയില്‍. ഓണച്ചിത്രമായി റിലീസ് ചെയ്യാനിരുന്ന സിനിമ പിന്നീട് സെപ്റ്റംബര്‍ 25ലേക്കും ഒടുവില്‍ ഒക്ടോബര്‍ 25ലേക്കും മാറ്റിയിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടന്‍ ബ്രിഡ്ജ് ഈ വര്‍ഷം റിലീസ് ചെയ്യില്ല!
പൃഥ്വിരാജിന്‍റെ തിരക്കാണ് ലണ്ടന്‍ ബ്രിഡ്ജിനെ കുഴപ്പത്തിലാക്കിയത്. ഈ സിനിമയ്ക്ക് നല്‍കിയിരുന്ന ഡേറ്റുകള്‍ ‘കാവ്യ തലൈവന്‍’ എന്ന തമിഴ് സിനിമയ്ക്കായി മറിച്ചുനല്‍കിയതാണ് പ്രശ്നമായത്. പൃഥ്വിരാജിന്‍റെ ഡ്രീം പ്രൊജക്ടാണ് കാവ്യ തലൈവന്‍. സൂപ്പര്‍ സംവിധായകന്‍ വസന്തബാലന്‍ ഒരുക്കുന്ന ചരിത്ര സിനിമ. അതിന്‍റെ ഷൂട്ടിംഗ് പെട്ടെന്ന് ആരംഭിച്ചപ്പോള്‍ പൃഥ്വിക്ക് ലണ്ടന്‍ ബ്രിഡ്ജ് മാറ്റിവയ്ക്കേണ്ടിവന്നു.
ലണ്ടന്‍ ബ്രിഡ്ജിന്‍റെ ലണ്ടനിലെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായതാണ്. എന്നാല്‍ ഇന്ത്യയില്‍ ഏതാനും ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. സെപ്റ്റംബര്‍ 20ന് ഇന്ത്യയില്‍ ചിത്രീകരണം തുടങ്ങാനിരുന്നപ്പോഴാണ് പൃഥ്വി കാവ്യ തലൈവന്‍റെ തിരക്കിലായത്.
അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജ് സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ 25ന്‍റെ റിലീസ് ഡേറ്റും മാറ്റിയതോടെ ഇനി അടുത്ത വര്‍ഷം മാത്രമേ ലണ്ടന്‍ ബ്രിഡ്ജിന്‍റെ റിലീസിന് സാധ്യതയുള്ളൂ. സെന്‍ട്രല്‍ പിക്ചേഴ്സിന് ക്രിസ്മസ് റിലീസായി സത്യന്‍ അന്തിക്കാടിന്‍റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുണ്ട്.
‘മാസ്റ്റേഴ്സ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയ നായികയാകുന്ന സിനിമ വ്യത്യസ്തമായ ഒരു ലവ് സ്റ്റോറിയാണ്.