പുലിമുരുകനും ബാഹുബലിക്കും മുകളിലാണ് മോഹന്‍ലാലിന്‍റെ വില്ലന്‍ !

ശനി, 3 ജൂണ്‍ 2017 (15:53 IST)
മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നാമത്തെയും അവസാനത്തെയും ഷെഡ്യൂളിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. അവസാനഘട്ട ഷൂട്ടിംഗില്‍ തമിഴ് താരങ്ങളായ ഹന്‍സിക, വിശാല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.
 
ജൂലൈ 21നാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി 10 ശതമാനം ചിത്രീകരണമാണ് ബാക്കിയുള്ളത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍‌ഡ്‌മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍.
 
മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വൈഡ് റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയ്ക്കായി ആലോചിക്കുന്നത്. ബാഹുബലി2, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടേതിനേക്കാള്‍ വലിയ റിലീസായിരിക്കും ഈ സിനിമയ്ക്ക് കേരളത്തില്‍ ഉണ്ടാവുക.
 
കേരളത്തിന് പുറത്തും വമ്പന്‍ റിലീസിനാണ് റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ സിനിമ തയ്യാറെടുക്കുന്നത്. വിശാലിന്‍റെയും ഹന്‍‌സികയുടെയും ശ്രീകാന്തിന്‍റെയും റാഷി ഖന്നയുടെയുമൊക്കെ സാന്നിധ്യം മറ്റ് സംസ്ഥാനങ്ങളിലെ മികച്ച വിപണനത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
 
മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ വില്ലനില്‍ അഭിനയിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്.
 
8കെ റെസല്യൂഷനില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വില്ലന്‍. 

വെബ്ദുനിയ വായിക്കുക