മമ്മൂട്ടിയോടൊപ്പം ആദ്യഷോട്ട്, ടെൻഷനുണ്ടെങ്കിലും പൊളിച്ചടുക്കി; പുത്തൻപണത്തിലെ മുത്തുവേൽ പറയുന്നു

ചൊവ്വ, 11 ഏപ്രില്‍ 2017 (14:01 IST)
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് പുത്തൻപണം. നിത്യാനന്ദ ഷേണായി എന്ന കാസർകോഡുകാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തരംഗമായി കഴിഞ്ഞു. ഏപ്രിൽ 12നാണ് ചിത്രത്തിന്റെ റിലീസ്.
 
പുത്തൻപണം മമ്മൂട്ടിയുടെ മാത്രം ചിത്രമല്ല. സ്വരാജ് എന്ന ബാലതാരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിൽ മമ്മൂട്ടിയോടൊപ്പം തന്നെ നിറഞ്ഞു നിൽക്കുന്ന മുത്തുവേൽ എന്ന പയ്യനെയാണ് സ്വരാജ് അവതരിപ്പിക്കുന്നത്. നാടകങ്ങളിലും ഷോർട്ട് ഫിലിമിലും അഭിനയിച്ച സ്വരാജിന്റെ ആദ്യ ഷോട്ട് സാക്ഷാൽ മെഗാസ്റ്റാറിനൊപ്പം. അതിന്റെ ത്രില്ലിലാണ് സ്വാരജിപ്പോൾ.
 
നാവായിക്കുളം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ. കൊല്ലത്തുള്ള നാടകപ്രവർത്തകൻ മണിവർണൻ വഴിയാണ് താരം രഞ്ജിതിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നാടകത്തിന്റെയെല്ലാം വീഡിയോ കണ്ടിഷ്ടപ്പെട്ട രഞ്ജിത്  സിനിമയുടെ പൂജയ്ക്ക് എത്താൻ നിർദേശിച്ചു. അവിടെ വെച്ച് മമ്മൂട്ടിയെ പരിചയപ്പെട്ടു. പിന്നീട് ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണു സ്വരാജ് ഞെട്ടിയത്. ആദ്യ ഷോട്ട് തന്നെ മമ്മൂട്ടിയോടൊപ്പം. ടെൻഷൻ ഉണ്ടെങ്കിലും കൊച്ചു മിടുക്കൻ അത് പൊളിച്ചടുക്കി. 
 
ആദ്യ ഷോട്ട് ആദ്യ ടേക്കിൽ ഓകെയാക്കി മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം നേടുന്നതിലും ഈ കൊച്ചുമിടുക്കൻ വിജയിച്ചു. സിനിമയിൽ മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിൽക്കുകയാണു സ്വരാജും. ഏറ്റവും കൂടുതൽ സീനുകൾ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഉള്ളതും സ്വരാജിനാണ്. വലിയ സിനിമാ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ച സന്തോഷത്തിലാണു സ്വരാജ്.
 
(കടപ്പാട്: മനോരമ ഓൺലൈൻ)

വെബ്ദുനിയ വായിക്കുക