പടം മെഗാഹിറ്റായപ്പോള്‍ വിനയന്‍ ക്യാമറാമാനെ മറന്നു? !

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (14:44 IST)
വിനയന്‍ സംവിധാനം ചെയ്ത ‘ആകാശഗംഗ’ എന്ന ഹൊറര്‍ കോമഡിച്ചിത്രം വലിയ ഹിറ്റായ ഒന്നാണ്. 1999 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ റിയാസും ദിവ്യാ ഉണ്ണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
മുകേഷ്, ജഗദീഷ്, ഇന്നസെന്‍റ്, കല്‍പ്പന, സുകുമാരി, മയൂരി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമായി. രാമചന്ദ്രബാബു ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. വിനയന്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചത്.
 
ആകാശഗംഗ ആരംഭിക്കുന്ന സമയത്ത് നിര്‍മ്മാതാവും വിതരണക്കാരനും ആ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയെന്നും സിനിമ നിന്നുപോകുമെന്ന അവസ്ഥയില്‍ സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തിയാണ് വിനയന്‍ ആ ചിത്രം നിര്‍മ്മിച്ചതെന്നും ക്യാമറാമാന്‍ രാമചന്ദ്രബാബു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമ വന്‍ ഹിറ്റാകുകയും വിനയന്‍ തന്‍റെ വീടുപണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ആകാശഗംഗയുടെ നൂറ്റിയിരുപത്തഞ്ചാം ദിവസം ആഘോഷിച്ചപ്പോള്‍ ആ വിവരം തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്നും അതൊരു ദുഃഖസത്യമാണെന്നും രാമചന്ദ്രബാബു പറയുന്നു.
Next Article