തുടക്കത്തില്‍ മമ്മൂട്ടി സാധാരണക്കാരന്‍, പിന്നെ രാജാക്കളുടെ രാജ!

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (14:57 IST)
മമ്മൂട്ടിക്ക് മുന്നറിയിപ്പ് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് ഈ ചെറിയ ചിത്രം. മമ്മൂട്ടി എന്ന മഹാനടന്‍റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് മുന്നറിയിപ്പ് ഒരു അവിസ്മരണീയ അനുഭവമാക്കി മാറ്റുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയിലെ നടന് മിന്നിത്തിളങ്ങാന്‍ ഇടം നല്‍കിയ സിനിമ ബോക്സോഫീസിലും നേട്ടമാകുകയാണ്.
 
ഇനി വരുന്നത് രാജാധിരാജ. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം ഉദയ്കൃഷ്ണ - സിബി കെ തോമസ് ഒരു വമ്പന്‍ കൊമേഴ്സ്യല്‍ പരീക്ഷണം നടത്തുകയാണ് രാജാധിരാജയിലൂടെ.
 
"രാജാധിരാജയില്‍ മമ്മൂട്ടി കോമഡി ചെയ്യുന്നില്ല. കുടുംബനാഥനാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം. ഫാമിലി സെന്‍റിമെന്‍റ്സും ആക്ഷനും ചേരും‌പടി ചേര്‍ത്തിരിക്കുകയാണ്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ രംഗപ്രവേശം തന്നെ താരപരിവേഷത്തോടെയാണ്. അയാള്‍ തുടക്കം മുതല്‍ ഒടുക്കം വരെ തോല്‍‌വിയില്ലാത്തവനാണ്. എന്നാല്‍ ഇവിടെ ഒരു സാധാരണക്കാരനായാണ് മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. സീനുകളിലൂടെ സാവധാനം അദ്ദേഹം രാജാധിരാജ ആവുകയാണ്" - തിരക്കഥാകൃത്തുക്കളായ സിബിയും ഉദയനും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. 
 
"ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടിയുടെ ഫാന്‍സിനെ മുന്നില്‍ക്കണ്ടുതന്നെ ഒരുക്കിയ ചിത്രമാണിത്. മമ്മൂട്ടി എന്ന നടനെയല്ല, മമ്മൂട്ടി എന്ന താരത്തെയാണ് ഞങ്ങള്‍ സിനിമകളില്‍ അവതരിപ്പിക്കുന്നത്" - സിബിയും ഉദയനും പറയുന്നു.