തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്; അതുവേണ്ട, ദിലീപ് മാറട്ടെയെന്ന് സംവിധായകന്‍ !

വെള്ളി, 21 ജൂലൈ 2017 (18:05 IST)
മലയാള സിനിമയെ അടക്കിഭരിച്ചിരുന്ന സൂപ്പര്‍താരം ദിലീപ് ജയിലിലായതോടെ ദിലീപിനെ സംബന്ധിച്ച പല കാര്യങ്ങളും പലരും തുറന്നുപറയുന്ന സമയമാണിത്. തന്‍റെ സിനിമയില്‍ നിന്ന് തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ട കാര്യം സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്.
 
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ദിലീപിനെ നായകനാക്കി പടം ചെയ്യാനായിരുന്നു പ്ലാന്‍. കലൂര്‍ ഡെന്നിസിനെയാണ് തിരക്കഥാകൃത്തായി തീരുമാനിച്ചത്. എന്നാല്‍ ഡെന്നിസിനെ മാറ്റണമെന്ന് ദിലീപിന് ഒരേ നിര്‍ബന്ധം. ഡെന്നിസ് എഴുതിയാല്‍ സിനിമ പൊട്ടുമെന്നാണ് ദിലീപ് വാദിക്കുന്നത്.
 
എന്നാല്‍ കലൂര്‍ ഡെന്നിസിനെ ഒഴിവാക്കാന്‍ പറ്റില്ലെന്നും അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞെന്നും വിനയന്‍ പറഞ്ഞു. എങ്കില്‍ ഡെന്നിസിന്‍റെ പേര് വയ്ക്കാന്‍ പാടില്ലെന്നായി ദിലീപ്. അത്രയുമായപ്പോള്‍ വിനയന് മടുത്തു. നമുക്ക് ഒരുമിച്ച് മറ്റൊരു പടം ചെയ്യാമെന്നും ഈ സിനിമ കലൂര്‍ ഡെന്നിസ് തന്നെ എഴുതുമെന്നും വിനയന്‍ വെട്ടിത്തുറന്നുപറഞ്ഞു.
 
പിന്നീട് ജയസൂര്യയെ വിനയന്‍ കണ്ടെത്തുകയും ഊമപ്പെണ്ണില്‍ അവതരിപ്പിക്കുകയും ചെയ്തത് ചരിത്രം. എന്നാല്‍ അന്നത്തെ പക ദിലീപ് മനസില്‍ കൊണ്ടുനടന്നെന്നും അവസരം വന്നപ്പോള്‍ ഉപയോഗിച്ചെന്നുമാണ് വിനയന്‍ വെളിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക