താരങ്ങളുടെ മക്കളാണെങ്കിലും കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളും; പ്രമുഖ നടന്‍ പറയുന്നു

ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:31 IST)
മലയാള സിനിമയിലേക്ക് നിരവധി താരപുത്രന്മാരും പുത്രികളുമാണ് കടന്നുവരുന്നത്. എന്നാല്‍ ആരുടെ മോനാണെന്നോ മോളാണെന്നോ പറഞ്ഞിട്ട് ഒരു കാര്യമില്ലെന്നും അവര്‍ക്ക് കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളുമെന്നും നെടുമുടിവേണു പറയുന്നു. ആ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ കാണുന്നത്. താരപുത്രനോ പുത്രിയോ ആണെങ്കില്‍ ഒരു പ്രാഥമിക അംഗീകാരം മത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളൂ. പക്ഷേ കഴിവിന് അനുസരിച്ചാണ് അവരുടെ ഭാവിയെന്നും നെടുമുടി വേണു വ്യക്തമാക്കി.
 
ആര്‍ക്കും കേറി വിളയാടാവുന്ന ഒരു സ്ഥലമാണ് സിനിമ എന്നൊരു ധാരണയാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ പഴയതിനേക്കാള്‍ കൂടുതല്‍ പുതിയ ആളുകള്‍ സിനിമയിലേക്ക് ഇന്ന് കടന്നു വരുന്നുണ്ട്. എന്നിരുന്നാലും വരുന്നവരില്‍ നിന്ന് നെല്ലും പതിരും തിരിച്ച് കഴിഞ്ഞാല്‍ അതില്‍ കൊള്ളാവുന്നത് വളരെ കുറച്ച് പേര്‍ മാത്രമേ ഉള്ളുവെന്നും വേണു പറഞ്ഞു.
 
അത്തരത്തില്‍ വളരെ കുറച്ചു മിടുക്കന്മാര്‍ മാത്രമേ ഇപ്പോള്‍ മലയാള സിനിമയില്‍ ഉള്ളൂ. ബക്കിയുള്ളവരെല്ലാം പണവും പ്രശസ്തിയും മാത്രം ആഗ്രഹിച്ചാണ് വരുന്നത്. അവര്‍ക്ക് സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് എന്നുപറയുന്നത് പെട്ടെന്ന് പേരുണ്ടാക്കുക പണമുണ്ടാക്കുക എന്നതു തന്നെയാണ്. എന്നാല്‍ ഇതിനിടയിലൂടെ ഭാവിയെ കുറിച്ച് ഒരു ആശങ്കയും ഇല്ലാത്ത മിടുക്കന്മാരുമുണ്ട്. അവരിലാണ് നമ്മുടെ പ്രതീക്ഷയെന്നും നെടുമുടി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍