ടാര്‍സനാകാന്‍ ദിവസവും 30 മുട്ട വീതം കഴിച്ചു: പൃഥ്വി

ശനി, 26 മെയ് 2012 (14:59 IST)
PRO
പൃഥ്വിരാജ് നായകനായ ‘ഹീറോ’ തിയേറ്ററുകളില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയിരിക്കുകയാണ്. ഒരു മാസ് മസാല പടം എന്നാണ് ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായം. പ്രശസ്ത നിരൂപക യാത്രി ജെസെന്‍ എഴുതിയത് ’ബോറടിക്കാത്ത, മാസിന് ഇഷ്ടമാകുന്ന ചിത്രം’ എന്നാണ്. എന്തായാലും സിനിമ ഹിറ്റാകുമെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീപന്‍ സംവിധാനം ചെയ്ത ഹീറോ പൂര്‍ണമായും ഒരു ആക്ഷന്‍ ചിത്രമാണ്.

സിക്സ് പാക് ശരീരമാണ് ‘ഹീറോ’യ്ക്ക് വേണ്ടി പൃഥ്വിരാജ് തയ്യാറാക്കിയത്. പൃഥ്വിയുടെ മസില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതികഠിനമായ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് പൃഥ്വി ഈ ചിത്രത്തില്‍ ചെയ്തിട്ടുള്ളത്. ഹീറോയിലെ ടാര്‍സന്‍ ആന്‍റണി എന്ന കഥാപാത്രത്തിന്‍റെ ‘ഉരുക്ക് ശരീരം’ ഉണ്ടാക്കാന്‍ താന്‍ കഷ്ടപ്പെട്ടതിന്‍റെ കഥകള്‍ പൃഥ്വി വെളിപ്പെടുത്തുന്നു. ദിവസം 30 മുട്ട വീതമാണ് താന്‍ കഴിച്ചതെന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കി.

“ദിവസം രണ്ടുനേരം ജിമ്മില്‍ വര്‍ക്ക്ഔട്ട് നടത്തി. ദിവസവും മൂന്നുനേരമായി 30 മുട്ട വരെ കഴിച്ചു. ന്യൂട്രീഷന്‍മാരുടെ സേവനവും തേടി. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണമായിരുന്നു അവര്‍ നിര്‍ദേശിച്ചത്. എണ്ണയും പഞ്ചസാരയും പൂര്‍ണമായും ഒഴിവാക്കി. കഠിനമായ ദിനചര്യകളായിരുന്നു.” - തന്‍റെ ശരീരത്തിന്‍റെ രഹസ്യം പൃഥ്വി വെളിപ്പെടുത്തി.

അടുത്ത പേജില്‍ - സിനിമയില്‍ വന്നതിനു ശേഷം ഞാന്‍ ബുദ്ധിമുട്ടി!

PRO
സിനിമാനടനാകാന്‍ വേണ്ടി ഏറെ കഷ്ടപ്പെട്ടയാളല്ല പൃഥ്വിരാജ്. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ സിനിമയുടെ മായാലോകത്തേക്ക് ആനയിക്കപ്പെടുകയായിരുന്നു. നന്ദനം എന്ന ചിത്രത്തിലേക്ക് രഞ്ജിത് ക്ഷണിക്കുമ്പോള്‍ സിനിമാലോകത്ത് തുടരുന്നതിനേക്കുറിച്ച് പൃഥ്വി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

“മറ്റ് പല സിനിമക്കാരും പറയുന്നതുപോലെ കോടമ്പാക്കത്ത് ഭക്ഷണത്തിനുവേണ്ടി അലഞ്ഞുനടന്ന കഥ പറയാനില്ല എനിക്ക്. എന്‍റെ സ്ട്രഗിള്‍ മുഴുവന്‍ സിനിമയില്‍ വന്നതിനു ശേഷമാണ്” - പൃഥ്വി വെളിപ്പെടുത്തി.

“ഒരാളെ ജീവിതത്തില്‍ ഹീറോയാക്കുന്നത് ചെയ്യുന്ന ജോലിയോടുള്ള സമീപനമാണ്. അത് അയാളുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള സമീപനത്തിന്‍റെ സൂചകമാണ്. ചെയ്യുന്ന ജോലിയില്‍ അഭിമാനം കണ്ടെത്തുന്നയാളാണ് യഥാര്‍ഥ ഹീറോ” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക