ചെറുപ്പക്കാരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് - മമ്മൂട്ടി പറയുന്നു

തിങ്കള്‍, 14 ഓഗസ്റ്റ് 2017 (07:39 IST)
പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന നടന്മാരില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മെഗാസ്റ്റാര്‍ മമ്മൂട്ടി. നിരവധി സംവിധായകരെയാണ് മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആഷിഖ് അബു, അമല്‍ നീരദ്, ഹനീഫ് അദേനി എന്നിവരുടെ പട്ടികയിലേക്ക് ഇനിയും ഒരുപാട് പേര്‍ വരാനുണ്ടെന്ന് മമ്മൂട്ടി തന്നെ പറയുന്നു.
 
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്ന സമയത്താണ് പുതുമുഖ സംവിധായകരേയും സാങ്കേതിക പ്രവര്‍ത്തകരേയും കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. പുതിയ ആള്‍ക്കാരെ മമ്മൂട്ടി സ്വീകരിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വേറൊന്നുമല്ല, ‘ചെറുപ്പക്കാരില്‍ നിന്ന് തനിക്ക് പലതും പഠിക്കാനുണ്ട്‘ എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.
 
‘സത്യത്തില്‍ ഞാനിപ്പോള്‍ പുതിയ സംവിധായകരുടെ കൂടെയും സാങ്കേതിക പ്രവര്‍ത്തകരുടെ കൂടെയും ജോലി ചെയ്യാറുണ്ട്. അതെന്റെ സ്വാര്‍ത്ഥതയാണ്. പുതിയ ചെറുപ്പക്കാര്‍ക്ക് പലതും ചെയ്യാനുള്ള ആഗ്രഹങ്ങളുണ്ടാവും. ആ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ അവസരമുണ്ടാക്കി കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹത്തെ ഞാന്‍ മുതലെടുക്കുകയാണ്. അതാണ് സത്യം.‘ - മമ്മൂട്ടി പറയുന്നു.
 
ഒരുപാട് പുതിയ സംവിധായകര്‍ മനസ്സിന്റെ ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ എന്നെ സഹായിക്കുന്നുണ്ട്. പുതിയ കാര്യങ്ങള്‍ അറിയാനും, പുതിയ കഥാപാത്രങ്ങളായി മാറാനുമൊക്കെ എന്നെ സഹായിക്കുന്നു. ഇനിയും ഒരുപാട് സംവിധായകര്‍ വരാനുണ്ട് എനിക്ക് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
 
സെവന്ത് ഡേ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്യാംധറിന്റെ രണ്ടാമത്തെ സംരംഭമാണ് ഈ മമ്മുട്ടി ചിത്രം.  ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍‍. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക