ചെറുകാറ്റുകള്‍ക്കും മരങ്ങള്‍ക്കും ഒതുങ്ങേണ്ടിവരും, കൊടുങ്കാറ്റായ് ‘പുലിമുരുകന്‍’ ഉടനെത്തുന്നു, റിലീസ് ഡേറ്റ് തീരുമാനിച്ചു!

വെള്ളി, 4 മാര്‍ച്ച് 2016 (19:03 IST)
ഈ വര്‍ഷം ഇതുവരെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒന്നും റിലീസായിട്ടില്ല. ഇനിയൊരു റിലീസുണ്ട്. അതൊരു ഒന്നൊന്നര റിലീസ് ആയിരിക്കുകയും ചെയ്യും. മോഹന്‍ലാലിന്‍റെ ബ്രഹ്‌മാണ്ഡചിത്രം ‘പുലിമുരുകന്‍’ ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്. 
 
റംസാന്‍ വിരുന്നായാണ് പുലിമുരുകന്‍റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് റംസാന്‍ റിലീസുകളെയെല്ലാം പുലിമുരുകന്‍റെ വരവ് ബാധിക്കുമെന്ന് ഉറപ്പാണ്. ലോകമെമ്പാടുമായി 3000 കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
 
വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ ബജറ്റ് 25 കോടിയോളം രൂപയാണ്. ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫി. ഉദയ്കൃഷ്ണയാണ് തിരക്കഥ. 
 
ജൂലൈ ഏഴിനോ ജൂലൈ എട്ടിനോ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിലും ചിത്രത്തിന്‍റെ റിലീസുണ്ടാകും.
 
ജഗപതി ബാബു, കമാലിനി മുഖര്‍ജി, സിദ്ദിക്ക്, ബാല, വിനു മോഹന്‍ തുടങ്ങിയവരും പുലിമുരുകനില്‍ അഭിനയിക്കുന്നു. വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മോഹന്‍ലാലും പുലികളും തമ്മിലുള്ള സംഘട്ടന രംഗങ്ങളാണ് പുലിമുരുകന്‍റെ ഹൈലൈറ്റ്.

വെബ്ദുനിയ വായിക്കുക