കൊലപാതകി ചെയ്തത് ജോര്‍ജ്ജുകുട്ടി ചെയ്തതൊക്കെത്തന്നെ, ‘ദൃശ്യം’ എന്ന സിനിമ ജീവിതത്തില്‍ ആവര്‍ത്തിച്ചു, എന്നിട്ടും പ്രതി പിടിയിലായി!

വെള്ളി, 5 ഫെബ്രുവരി 2016 (21:21 IST)
‘ദൃശ്യം’ എന്ന സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആ സിനിമ കുറ്റവാസന വളര്‍ത്തുന്നതാണെന്നുള്ള വിമര്‍ശനം. തെളിവുകളും കുറ്റകൃത്യവും മറയ്ക്കാന്‍ ക്രിമിനല്‍ ബുദ്ധിയുള്ള ആളുകളെ പ്രേരിപ്പിക്കുന്നു എന്ന വിമര്‍ശനത്തില്‍ ആടിയുലഞ്ഞെങ്കിലും ദൃശ്യം മലയാള സിനിമയില്‍ വിജയചരിത്രം തന്നെയാണ് കുറിച്ചത്. പിന്നീട് റീമേക്കുകളിലൂടെ ഇന്ത്യയൊട്ടാകെ ദൃശ്യം പറന്നുകളിച്ചു.
 
ബീഹാറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു കൊലപാതകത്തിന് ദൃശ്യം സിനിമയുമായി നല്ല സാമ്യമുണ്ട്. ബീഹാറിലെ വൈശാലിക്കാരനായ രജനീഷ് സിംഗ് എന്നയാളാണ് കഥയിലെ നായകനും വില്ലനും. രജനീഷ് വിവാഹിതനാണെങ്കിലും ഭാര്യയ്ക്ക് വിദ്യാഭ്യാസം പോരാ എന്നൊരു തോന്നല്‍ മനസില്‍ കൊണ്ടുനടക്കുന്നയാളാണ്. അതുകൊണ്ടുതന്നെ പുതിയൊരു വിവാഹത്തിന് രജനീഷ് ശ്രമിച്ചിരുന്നു. ഒരു വിവാഹവെബ്സൈറ്റില്‍ പരസ്യവും നല്‍കി.
 
സൃഷ്ടി ജെയിന്‍ എന്ന പെണ്‍കുട്ടി രജനീഷ് സിംഗിന്‍റെ പരസ്യത്തില്‍ ആകൃഷ്ടയായി പ്രതികരിച്ചു. ഇരുവരും പരിചയപ്പെട്ടു. ജനുവരി 25ന് ഇരുവരും പട്നയില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ തമ്മില്‍ കണ്ടതോടെ രജനീഷിന്‍റെ കള്ളി വെളിച്ചത്തായി. രജനീഷിന് വേറെ ഭാര്യയുണ്ടെന്ന് മനസിലാക്കിയ സൃഷ്ടി ജെയിന്‍ രജനീഷുമായി പിണങ്ങി റെയില്‍‌വേ സ്റ്റേഷനിലേക്ക് തിരികെപ്പോയി.
 
കോപാകുലനായി പിന്നാലെയെത്തിയ രജനീഷ് സൃഷ്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന സൃഷ്ടിയെ റെയില്‍‌വേ സ്റ്റേഷന്‍ പരിസരത്തുവച്ച് രജനീഷ് വെടിവച്ചുകൊന്നു.
 
അതിന് ശേഷമാണ് ദൃശ്യം സിനിമയിലെ രംഗങ്ങള്‍ അരങ്ങേറുന്നത്. തന്‍റേ ഫോണ്‍ ഒരു അന്തര്‍സംസ്ഥാന ലോറിയില്‍ ഉപേക്ഷിച്ച് രജനീഷ് മുങ്ങി. സഞ്ചരിച്ച ബൈക്ക് ഗംഗാനദിയിലും ഉപേക്ഷിച്ചു.
 
എന്നാല്‍ ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടിയെ തുണച്ച ഭാഗ്യം രജനീഷിനെ തുണച്ചില്ല. വളരെ വിദഗ്ധമായി കേസ് അന്വേഷിച്ച പൊലീസ് രജനീഷിനെ വലയില്‍ വീഴ്ത്തുകതന്നെ ചെയ്തു.

വെബ്ദുനിയ വായിക്കുക