കുഞ്ചാക്കോ ബോബന്‍ തുടര്‍ച്ചയായ പരീക്ഷണങ്ങളിലാണ്. തന്‍റെ ഇതേവരെയുള്ള ഇമേജ് പൊളിക്കുന്നതില്‍ ഭാഗികമായി വിജയിച്ചിട്ടുണ്ട് താരം. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആള്‍ദൈവമായാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. വി കെ പ്രകാശിന്‍റെ പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന്‍ മേജറായി അഭിനയിക്കുന്നു.
എന്നാല്‍ തന്‍റെ കരിയറിലെ സുപ്രധാനമായ ഒരു കഥാപാത്രമാകാന്‍ ഒരുങ്ങുകയാണ് ചാക്കോച്ചന്‍ ഇപ്പോള്‍. ‘സര്‍ സി പി’ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സിനിമയുടെ പേരും അതുതന്നെ. ശിക്കാര്‍, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ലാല്‍.
തിരുവതാംകൂര്‍ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ അനുസ്മരിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുള്ള കഥാപാത്രമാണ് ചാക്കോച്ചന്‍റേത്. പ്രമാണിയും എന്തിനും പോന്നവനുമായ കഥാപാത്രം. നാട്ടുകാര്‍ സ്നേഹത്തോടെയും അല്‍പ്പം ഭയത്തോടെയും അവനെ ‘സര്‍ സി പി’ എന്ന് വിളിച്ചു.
ഷീലയും ജയഭാരതിയുമാണ് സര്‍ സി പിയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ - നസീര്‍ കാലഘട്ടത്തില്‍ ഇവര്‍ ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഷീലയും ജയഭാരതിയും വീണ്ടും ഒന്നിക്കുന്നത്.