രജനികാന്തിന്‍റെ കബാലി പ്രദര്‍ശനത്തിനെത്തി. കേരളത്തില്‍ 300ലധികം തിയേറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും ഇത്രയും വലിയ ഹൈപ്പോടെ എത്തുകയും ചെയ്തതുകൊണ്ട് കബാലിയുടെ വരവ് നല്ല രീതിയില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന മലയാള സിനിമകളെ വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.
കസബ, അനുരാഗ കരിക്കിന്‍വെള്ളം, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളെയാണ് കബാലിയുടെ മാസ് റിലീസ് ദോഷമായി ബാധിച്ചത്. ആദ്യ എട്ടുദിവസം കൊണ്ട് പത്തുകോടിക്കുമേല്‍ കളക്ഷന്‍ നേടിയ സിനിമയാണ് കസബ. മമ്മൂട്ടിയുടെ ഈ വമ്പന്‍ ഹിറ്റ് ചിത്രത്തിന് വലിയ തിരിച്ചടിയായി കബാലിയുടെ റിലീസ്. കസബ പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ ഇപ്പോള്‍ കബാലിയാണ് കൂടുതല്‍ സമയവും കളിക്കുന്നത്.
എറണാകുളത്തെ മള്‍ട്ടിപ്ലക്സുകളില്‍ കസബയ്ക്ക് ഒരു ദിവസം വെറും മൂന്ന് ഷോ ആയി കുറച്ചുകൊണ്ട് ബാക്കി ഷോ എല്ലാം കബാലിക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. മൌത്ത് പബ്ലിസിറ്റി കൊണ്ട് പതിയെ പച്ചപിടിച്ചുവരികയായിരുന്ന കരിങ്കുന്നം സിക്സസിന്‍റെ കളക്ഷനെ വന്‍ തോതില്‍ ബാധിച്ചിരിക്കുകയാണ് കബാലിയുടെ റിലീസ്.
മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയായിരുന്നു ബിജുമേനോന്‍ - ആസിഫലി ടീമിന്‍റെ അനുരാഗ കരിക്കിന്‍വെള്ളം. എന്നാല്‍ കബാലി വന്നതോടെ കരിക്കിന്‍വെള്ളം പ്രദര്‍ശിപ്പിച്ചിരുന്ന സ്ക്രീനുകളുടെ എണ്ണം കുറഞ്ഞു. കളക്ഷനില്‍ വലിയ ഇടിവുണ്ടായി. എങ്കിലും അനുരാഗ കരിക്കിന്‍വെള്ളം ഈ കബാലി കൊടുങ്കാറ്റിനെ അതിജീവിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.