ഒടുവില്‍ ‘തലൈവാ‘ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഞായര്‍, 18 ഓഗസ്റ്റ് 2013 (15:13 IST)
PRO
വിവാദങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ വിജയ്‌യുടെ ‘തലൈവാ‘ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഈ മാസം ഇരുപതോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 9ന് നടക്കാനിരുന്ന ചിത്രത്തിന്റെ റിലീസ് ചില പ്രാദേശിക കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മുടങ്ങിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് അഞ്ജാത ബോംബ് ഭീഷണിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നേരത്തെ ചിത്രത്തിന്റെ റിലീസിംഗിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിജയ് ഉള്‍പ്പെടെയുള്ള ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടിരുന്നു.

‘തലൈവാ‘ കാണാന്‍ കഴിയാത്തതിനാല്‍ ആരാധകന്‍ ജീവനൊടുക്കി- അടുത്ത പേജ്


തലൈവാ കാണാന്‍ കഴിയാത്തതിനാല്‍ ആരാധകന്‍ ജീവനൊടുക്കി
PRO


തലൈവാ കാണാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് നടന്‍ വിജയിയുടെ ആരാധകന്‍ ജീവനൊടുക്കിയിരുന്നു. ഓഗസ്റ്റ് 10ന് ശനിയാഴ്ചയാണ് ഇരുപതുവയസുള്ള വിജയ് ആരാധകന്‍ വിഷ്ണു ആത്മഹത്യ ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂരിനടുത്ത് തുടിയാലൂര്‍ സ്വദേശിയാണ്.

ഓഗസ്റ്റ് 9നാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ വന്നു.

തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി കേരള അതിര്‍ത്തിയ്ക്കടുത്തുള്ള വേലന്‍താവളം വരെ മുപ്പതുകിലോമീറ്ററോളം യാത്രചെയ്തതെത്തി. എന്നാല്‍ തിയേറ്ററിലെത്തിയ വിഷ്ണുവിന് ടിക്കറ്റ് കിട്ടിയില്ല. രാത്രിയോടെ വീട്ടിലെത്തിയ വിഷ്ണു നിരാശകാരണം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.


സംസ്ഥാനത്ത് വന്‍ തോതില്‍ ‘തലൈവാ‘യുടെ വ്യാജ സിഡി- അടുത്ത പേജ്


സംസ്ഥാനത്ത് വന്‍ തോതില്‍ ‘തലൈവാ‘യുടെ വ്യാജ സിഡി
PRO


തലൈവാ തിയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും വ്യാജ സിഡികള്‍ സംസ്ഥാനത്ത് വ്യാപകമായി ഇറങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും വിജയ്നും നിര്‍മാതാക്കള്‍ക്കും തലവേദനയായിട്ടുണ്ട്.

അതിനിടെ തലൈവയുടെ റിലീസ് വൈകുന്നതില്‍ ജയലളിതാ സര്‍ക്കാറിനെ ഡി.എം.കെ. പ്രസിഡന്റ് എം കരുണാനിധി നിശിതമായി വിമര്‍ശിച്ചിരുന്നു. തമിഴകത്ത് ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് കരുണാനിധി കുറ്റപ്പെടുത്തി.

കൂടിക്കാഴ്ചയ്ക്ക് വിജയ് അവസരം ചോദിച്ചിട്ട് ജയലളിത വിസമ്മതിച്ചതിനെയും കരുണാനിധി വിമര്‍ശിച്ചു. തലൈവയ്ക്ക് നികുതി ഇളവ് നല്‍കാത്തതില്‍ ജയലളിത സര്‍ക്കാറിന് പ്രത്യേക താത്പര്യമുണ്ടെന്നും കരുണാനിധി കുറ്റപ്പെടുത്തിയിരുന്നു. സിനിമയെന്നതിനുപരി രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഇരയായിരുന്നു തലൈവയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക