‘അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങളുണ്ടായി, അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു അത്.
എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്‍റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ ആകണം. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല‘ - എന്നായിരുന്നു മോഹന്‍ലാല്‍ ബിജുവിനോട് പറഞ്ഞത്.
ഇതിനു മറുപടിയുമായിട്ടാണ് ബിജു രംഗത്തെത്തിയത്. അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നിരുന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ.ബിജു പറയുന്നു. ‘എന്‍റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതിനാല്‍ ആരാണ് അതില്‍ അഭിനയിക്കുന്നത് എന്നത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.