ഇന്ദ്രജിത്തും ഭാവനയും ദിലീപിന്റെ ശത്രു ലിസ്റ്റില്‍ ആയിരുന്നു, ആ ചിത്രം തകര്‍ത്തതും ദിലീപ് തന്നെ; ആരോപണവുമായി പല്ലിശ്ശേരി

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (11:24 IST)
തുടക്കം മുതല്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് പത്രപ്രവര്‍ത്തകര്‍ പല്ലിശ്ശേരി. ദിലീപ് - കാവ്യ ബന്ധത്തെ കുറിച്ചും, ദിലീപ് - മഞ്ജു വിവാഹ മോചനത്തെ കുറിച്ചും പുറം‌ലോകത്തോട് വിളിച്ചു പറഞ്ഞയാളാണ് പല്ലിശ്ശേരി.  
 
എം ടി. വാസുദേവന്‍ നായര്‍ - ഹരിഹരന്‍ ടീമിന്റെ ‘ഏഴാമത്തെ വരവ്’ എന്ന സിനിമയുടെ പരാജയത്തിന് കാരണം ദിലീപ് ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ഇന്ദ്രജിത്തും ഭാവനയും വിനീതും പ്രധാന വേഷത്തില്‍ എത്തിയ സിനിമ പരാജയപ്പെടാന്‍ കാരണം ദിലീപുമായി ബന്ധമുള്ളവര്‍ ചിത്രം വിതരണത്തിനേറ്റെടുത്തതാണെന്ന് പല്ലിശ്ശേരി പറയുന്നു.
 
സിനിമാ മംഗളത്തിലെ ‘അഭ്രലോകം’ എന്ന പരമ്പരയിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും ഭാവനയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകർത്തതിന്റെ പിന്നിലെന്ന് ലേഖനത്തില്‍ പറയുന്നു.
 
പല്ലിശേരി എഴുതുന്നു:
 
2013- എം ടി. തിരക്കഥയെഴുതി ഹരിഹരന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ഏഴാമത്തെ വരവ്.’ ആ സിനിമയിലെ നായകന്‍ ഇന്ദ്രജിത്തും നായിക ഭാവനയുമായിരുന്നു. ഒരു നല്ല സിനിമയായിരിക്കും എന്ന സന്തോഷത്തോടെയാണ് ഞങ്ങള്‍ കാണാന്‍ പോയത്. എന്നാല്‍ അങ്ങനെയൊരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി പോലും ഇല്ലായിരുന്നു. മാത്രമല്ല, തിയേറ്ററില്‍ ഹൗസ്ഫുള്‍ എന്ന് എഴുതിവച്ച് പ്രേക്ഷകരെ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീടാണ് ചതി മനസ്സിലായത്.
 
തിയേറ്ററില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രം. ഓണത്തിനിറങ്ങിയ സിനിമയെ ആരോ തകര്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും അതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്. ദിലീപ് ചതിച്ചതാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞതായി അറിഞ്ഞു. എന്താണ് സത്യാവസ്ഥ?
 
സിനിമാ മംഗളത്തിന്റെ പ്രിയ വായനക്കാരെ, ഹരിഹരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത എം ടി.യുടെ തിരക്കഥയാണ് ‘ഏഴാമത്തെ വരവ്’. ഈ സിനിമയെക്കുറിച്ച് പറയുന്നതിനുമുമ്പ് 1982- ഇരുവരും ഒരുമിച്ച ‘എവിടെയോ ഒരു ശത്രു’ എന്ന സിനിമയെക്കുറിച്ച് പറയേണ്ടി വരും.എം ടി. അന്ന് മദ്രാസില്‍ ശോഭനാ പരമേശ്വരൻ നായരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹരിഹരന്‍ സ്വന്തമായ വീട്ടിലും. ഇരുവരും ഇംഗ്ളീഷ് മൂഡുള്ള ഒരു സിനിമയാണ് ആഗ്രഹിച്ചത്. അതിൻപ്രകാരമാണ് എം ടി. ഒരു പ്രത്യേക രീതിയില്‍ ‘എവിടെയോ ഒരു ശത്രു’വിന് തിരക്കഥ എഴുതിയത്. ഇന്നത്തെപ്പോലെ സെന്‍സര്‍ നിയമങ്ങള്‍ ക്രൂരമല്ലാത്ത ഒരു ഘട്ടമായിരുന്നു അന്ന്.
 
ഇംഗ്ളീഷ് സിനിമയുടെ റ്റോണിലാണ് അതു ചിത്രീകരിച്ചത്. നായിക പുതുമുഖമായ അനുരാധ ആയിരുന്നു. ഇന്ദ്രജിത്ത്-പൃഥ്വിരാജ് സഹോദരന്മാരുടെ അച്ഛന്‍ സുകുമാരന്‍, വേണുനാഗവള്ളി അങ്ങനെ കുറെ നടീനടന്മാര്‍. എം.ബി. ശ്രീനിവാസന്‍ ആണ് സംഗീതം. നിര്‍മ്മാണം ജൈനേന്ദ്ര കല്പറ്റ. ഷൂട്ടിങ് വേളയില്‍ ജൈനേന്ദ്ര കല്പറ്റയെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. സംവിധായകന്‍ ഹരിഹരനുമായും നല്ല ബന്ധമുണ്ടാക്കി.
 
‘എവിടെയോ ഒരു ശത്രു’ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ പ്രദര്‍ശനം തീരുമാനിച്ചു. മദ്രാസിലെ ഒരു തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട ഏതാനും പേര്‍ക്കു വേണ്ടി സിനിമ പ്രദര്‍ശിപ്പിച്ചു. എം ടി. വാസുദേവന്‍ നായര്‍, എം.ബി. ശ്രീനിവാസന്‍, സംവിധായകന്‍ ഹരിഹരന്‍, നടന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമ കാണാനുണ്ടായിരുന്നു. നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരെ ഒരു രീതിയിലും ആ സിനിമ നിരാശപ്പെടുത്തിയില്ല. തിയേറ്ററുകളില്‍ ‘എവിടെയോ ഒരു ശത്രു’ പ്രദര്‍ശനത്തിനെത്തിയാല്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു സിനിമയായിത്തീരുമായിരുന്നു. ആ രീതിയിലാണ് ഞാന്‍ സിനിമ ആസ്വദിച്ചതും വിമര്‍ശനാത്മകതയോടെ സമീപിച്ചതും.
 
എം ടി. സന്തോഷവാനായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതം സിനിമയുടെ പ്ലസ് പോയിന്റുകളില്‍ ഒന്നായിത്തീര്‍ന്നു. മലയാള സിനിമയില്‍ എം ടി.യും ഹരിഹരനും ചേര്‍ന്ന് ശക്തമായ ഒരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്ന് എഴുതാന്‍ ധൈര്യം എനിക്കുണ്ടായത് ‘എവിടെയോ ഒരു ശത്രു ആണ്.’ പ്രദര്‍ശനശാലകളില്‍ ഈ സിനിമ എത്തിക്കുന്നതിന് സജീവമായി ശ്രമിക്കുന്നതിനിടയില്‍ എന്താണ് കാരണമെന്നറിയില്ല, ആ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാതിരിക്കാമ് എന്തോ ഒരു കുരുക്ക്, ആ സിനിമയ്ക്കു നേരെ എറിഞ്ഞിരുന്നു. ആ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു നല്ല സിനിമ വെളിച്ചം കാണാതെ പോയി. അതിനുശേഷം ഹരിഹരനും എം ടി.യും ചേര്‍ന്ന് കുറെ നല്ല സിനിമകള്‍ ചെയ്തു. ഏറ്റവുമൊടുവില്‍ ചെയ്തത് ‘ഏഴാമത്തെ വരവ്’ എന്ന സിനിമയാണ്. ഈ സിനിമ 2013- റിലീസ് ചെയ്തു. എന്നാല്‍ ബോധപൂര്‍വ്വമായ ചതി ഏഴാംവരവിനുണ്ടായി. അതിന്റെ കഥയാണ് ഇനി എഴുതുന്നത്.
 
ഏഴാമത്തെ വരവ്, എവിടെയോ ഒരു ശത്രു ഒരേ കഥയാണ്. ആ സിനിമയില്‍ നിന്നും വ്യത്യസ്തമായി ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ പുതിയ സിനിമയ്ക്കുണ്ടായിരുന്നു. വിനീത്, ഇന്ദ്രജിത്ത്, ഭാവന, കവിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഏഴാമത്തെ വരവ്’ ഹരിഹരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമകൂടിയാണ്.
 
ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ താല്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാള സിനിമയില്‍ അറിയപ്പെടുന്ന ബാനര്‍. ആ ബാനര്‍ നടൻ ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവര്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരന്‍ ധാരണയിലെത്തി. 
 
എന്നാല്‍ അതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായത് പിന്നീടാണ്. അപ്പോഴേയ്ക്കും എല്ലാം തകര്‍ന്നിരുന്നു.’ഏഴാമത്തെ വരവ്’ പരസ്യം നല്‍കാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകള്‍ നൽകാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതല്‍ ആ സിനിമ പരാജയപ്പെട്ടു കാണാന്‍ വിതരണക്കാരും പുറകില്‍ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂര്‍വം ഒരു നല്ല സിനിമയെ തകര്‍ത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസ്സിലായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും ഭാവനയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നില്‍. വളരെ തന്ത്രപരമായ ഒതുക്കല്‍. ആ ഒതുക്കലിൽ വീണുപോയത് നിര്‍മ്മാതാവുകൂടിയായ ഹരിഹരനാണ്. വലിയ സാമ്പത്തികനഷ്ടം തന്നെ ഹരിഹരനുണ്ടായി.
 
ആ സിനിമ പുറംലോകം കാണാത്ത രീതിയില്‍ ഒതുക്കിയതുകൊണ്ട് ഭാവനയും ഇന്ദ്രജിത്തും പരാജയപ്പെട്ടു. അതിനുശേഷം ഹരിഹരനും എം ടി.യും പുതിയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചു. എം ടി. വലിയൊരു പ്രോജക്ട് ഏറ്റെടുത്തു ‘മഹാഭാരതം.’ അതിനിടയില്‍ പൃഥ്വിരാജിനെ നായകനാക്കി ‘സ്യമന്തകം’ എന്ന സിനിമ ചെയ്യാന്‍ ഹരിഹരൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി ഹരിഹരൻ മുന്നോട്ടു പോകുമ്പോള്‍തന്റെ സിനിമയെ തകർത്ത് രസിച്ച നായകനടന്റെ രൂപം മറക്കാൻ കഴിഞ്ഞില്ല.
 
കടപ്പാട്: സിനിമാ മംഗളം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍