ആ 'ക്ലീറ്റസ്' വീണ്ടും വരുന്നു! മമ്മൂട്ടി റെഡി!

Webdunia
ശനി, 22 നവം‌ബര്‍ 2014 (15:47 IST)
കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ സിനിമയാണ് ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്. ഒട്ടേറെ പരാജയങ്ങള്‍ക്ക് നടുവില്‍ നില്‍ക്കെ ക്ലീറ്റസ് നേടിയ വിജയം മമ്മൂട്ടിക്ക് വലിയ ആശ്വാസമായിരുന്നു. നവാഗതനായ ജി മാര്‍ത്താണ്ഡനാണ് ക്ലീറ്റസ് സംവിധാനം ചെയ്തത്.
 
മാര്‍ത്താണ്ഡന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുകയാണ്. വരുന്ന ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചിത്രം ഒരുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എ സി വിജീഷ് ആണ് രചന.
 
'ഇമ്മാനുവല്‍' എന്ന ഹിറ്റ് ചിത്രം മമ്മൂട്ടിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് എ സി വിജീഷ്. മാര്‍ത്താണ്ഡനും വിജീഷും ചേര്‍ന്ന് മമ്മൂട്ടിക്കായി ഒരുക്കുന്ന സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് സൂചന.
 
അതേസമയം, പൃഥ്വിരാജിനെയും ശോഭനയെയും പ്രധാന വേഷങ്ങളിലെത്തിക്കുന്ന 'പാവാട' എന്നൊരു പ്രൊജക്ടും മാര്‍ത്താണ്ഡന്‍ ഒരുക്കുന്നുണ്ട്. ഏപ്രിലില്‍ ആയിരിക്കും അതിന്‍റെ ചിത്രീകരണം.