തമിഴിലെ ഒന്നാം നമ്പര്‍ താരമായ അസിന്‍ പെരുത്ത സന്തോഷത്തിലാണ്. മലയാളത്തില്‍ തുടങ്ങി തെലുങ്കും തമിഴും കടന്ന് ബോളിവുഡില്‍ എത്തിയിരിക്കുന്ന അസിന്‍റെ ദശാവതാരം മികച്ച പ്രകടനം നടത്തുന്നതില്‍ താരത്തിന്‍റെ സന്തോഷം ചെറുതല്ല. ദശാവതാരത്തില്‍ രണ്ട് തലമുറയിലെ അയ്യങ്കാര്‍ പെണ്‍കുട്ടിയായിട്ടാണ് അസിന്‍റെ വേഷം.
“ദശാവതാരത്തില്‍ അഭിനയിക്കാനായത് സന്തോഷകരമായ കാര്യമാണ്. ചിത്രത്തിനൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നറിയാന്‍ കൌതുകമുണ്ട്.” അസിന്‍ പറയുന്നു. തമിഴിനെയും മലയാളത്തെയുമെല്ലാം വിട്ട് അസിന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണ്.
ബോളിവുഡില്‍ വമ്പന്‍ ബാനറുകള്‍ പിന്നാലെ നടക്കുന്ന അസിന്‍റെ ആദ്യമായി പുറത്ത് വരാനിരിക്കുന്ന പ്രൊജക്ട് അമീര്‍ ഖാനൊപ്പം അഭിനയിക്കുന്ന ഗജിനിയുടെ റീമേക്കാണ്. ദീപാവലി റിലീസായ ഗജിനിയുടെ തിരക്ക് പിടിച്ച് ജോലികളിലാണ് അസിന്‍. തമിഴില്‍ അഭിനയിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ഹിന്ദിയിലും ചെയ്യുന്നത്.
കൂടുതല്‍ അവസരത്തിനായി മുംബൈയിലേക്ക് ചേക്കേറുന്നതാണ് നല്ലതെന്ന് അസിനു തോന്നിയിരിക്കുന്നു. ഒരു വര്‍ഷമായി ലോഖണ്ഡ്‌വാലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്‍റ് തന്നെ അസിനുണ്ട്. സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കുമായി താരം മുംബൈയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബോളീവുഡിലേക്ക് ചുവട് വയ്പ്പ് നടത്തുന്ന അസിന് ഒട്ടും സമയമില്ല.
എന്നാല്‍ കഥയും കഥാപാത്രങ്ങളും അല്പം വ്യത്യാസം വരുത്തിയായിരിക്കും ഗജിനി പുറത്ത് വരികയെന്നും അസിന്‍ പറയുന്നു. സ്ക്രിപ്റ്റിലും മറ്റും ചില്ലറ മാറ്റങ്ങള്‍ വരുത്തുന്ന ചിത്രത്തിനു സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാനാണ്. ചിത്രത്തില്‍ ഡബ് ചെയ്യുന്നതും അസിന്‍ തന്നെയാണ്. അതും തനി വടക്കേ ഇന്ത്യന്‍ സ്റ്റൈല്‍ ഹിന്ദി തന്നെ.
ബോളിവുഡില്‍ പതിയെ തിരക്കേറിയിരിക്കുന്ന മലയാളിയായ അസിനെ തിരക്കി അടുത്തതായി എത്തിയിരിക്കുന്നതും മലയാളി തന്നെ. സംവിധായകന്‍ പ്രിയന്‍. സല്‍മാന്‍ ഖാനെയും അജയ് ദേവ്ഗണെയും നായകന്‍മാരാക്കി ഒരുക്കുന്ന ലണ്ടന്‍ ഡ്രീംസില്‍ മായികയായി കരാര്‍ ഒപ്പു വച്ചിരിക്കുകയാണ് അസിന്.