അരവിന്ദ് സ്വാമിക്ക് പകരം ഫഹദ് ഫാസില്‍, കിടിലന്‍ വില്ലന്‍ വേഷം!

തിങ്കള്‍, 11 ഏപ്രില്‍ 2016 (15:55 IST)
‘തനി ഒരുവന്‍’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍‌രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായത് ജയം രവി. എന്നാല്‍ നായകനേക്കാള്‍ പ്രേക്ഷകപ്രീതി നേടിയത് ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അരവിന്ദ് സ്വാമിയായിരുന്നു. 
 
മോഹന്‍‌രാജ തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍. നായകനാവുന്നത് ശിവ കാര്‍ത്തികേയന്‍. ചിത്രത്തില്‍ വില്ലനായി പല താരങ്ങളെയും മോഹന്‍‌രാജ പരിഗണിച്ചു. അരവിന്ദ് സ്വാമി തനി ഒരുവനില്‍ ചെയ്തതിന് മുകളില്‍ നില്‍ക്കുന്ന ഒരു വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍‌രാജ പ്രതീക്ഷിക്കുന്നത്. അന്വേഷണം ഒടുവില്‍  മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലില്‍ എത്തിനിന്നു!
 
അതേ, ഫഹദ് ഫാസില്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. ശിവ കാര്‍ത്തികേയന്‍റെ വില്ലനായി ഫഹദ് എത്തുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. നയന്‍‌താരയാണ് ഈ സിനിമയില്‍ നായികയായി എത്തുന്നത്. തനി ഒരുവനിലും നയന്‍‌സായിരുന്നു നായിക.
 
മെയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഫഹദിന്‍റെ ഭാര്യ നസ്രിയയ്ക്ക് തമിഴകത്ത് ഏറെ ആരാധകരുണ്ട്. നസ്രിയയോടുള്ള ആ സ്നേഹം ആദ്യ ചിത്രത്തില്‍ ഫഹദിനും തമിഴകത്തുനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക