അനൂപ് മേനോന്‍റെ മലയാള ചിത്രം അരവിന്ദ് സ്വാമി തമിഴില്‍ റീമേക്ക് ചെയ്യുന്നു!

വ്യാഴം, 21 ജനുവരി 2016 (15:47 IST)
അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ്, അതൊരു തിരിച്ചുവരവ് തന്നെയായിരുന്നു. ‘തനി ഒരുവന്‍’ എന്ന തമിഴ് ചിത്രം മെഗാഹിറ്റായപ്പോള്‍ നായകനായ ജയം രവിയെക്കാള്‍ തിളങ്ങിയത് വില്ലന്‍ കഥാപാത്രമായ സിദ്ദാര്‍ത്ഥ് അഭിമന്യുവിനെ അനശ്വരനാക്കിയ അരവിന്ദ് സ്വാമി.
 
ഇനി കൂടുതല്‍ ശ്രദ്ധയോടെ തന്‍റെ കരിയറിന്‍റെ രണ്ടാം ഇന്നിംഗ്സ് ഡിസൈന്‍ ചെയ്യാനാണ് അരവിന്ദ് സ്വാമി തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് നല്ല കഥകള്‍ സിനിമയാക്കാന്‍ പ്രത്യേക ശ്രദ്ധയാണ് അരവിന്ദ് സ്വാമി നല്‍കുന്നത്.
 
മലയാളത്തില്‍ ശരാശരി വിജയം നേടിയ ‘മാല്‍‌ഗുഡി ഡെയ്സ്’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ അരവിന്ദ് സ്വാമി തീരുമാനിച്ചിരിക്കുന്നു. അനൂപ് മേനോന്‍ മലയാളത്തില്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി തമിഴില്‍ അവതരിപ്പിക്കുക.
 
മാല്‍ഗുഡി ഡെയ്സ് മലയാളത്തില്‍ ഒരുക്കിയ വിശാഖ്, നിവേക്, വിനോദ് എന്നീ സഹോദരങ്ങളാണ് തമിഴ് ചിത്രവും സംവിധാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക