പൂത്തിരുവാതിരത്തിങ്കള്‍

ധനുമാസത്തിലെ മരംകോച്ചുന്ന തണുപ്പില്‍ നിറനിലാവ് പതഞ്ഞൊഴുകുന്ന രാവുകടന്ന്
ഏഴരവെളുപ്പിന് കടവില്‍ തുടിച്ചു കുളിച്ച് ഈറനോടുകൂടി വരമഞ്ഞള്‍ കുറിയിണിഞ്ഞ് ദശപുഷ്പം ചൂടി ശൃംഗാരാവസ്ഥയിലെ പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങി ആര്‍ദ്രവ്രതത്തിന് മലയാളി പെണ്‍കൊടികള്‍ തുനിയുന്ന ദിനമാണിത്.

ഇന്ദ്രിയങ്ങളിലെല്ലാം താരള്യവും മാധുര്യവും പുരണ്ട അനുഭൂതികള്‍ തിടംവയ്ക്കുന്ന പുണ്യദിനം. തീക്കനല്‍ പോലെ ജ്വലിക്കുന്ന തീരുവാതിര നക്ഷത്രത്തിനെ, നിലാവുകൊണ്ടു ധനുമാസം കുളിരണിയിക്കുന്ന സുന്ദരമുഹൂര്‍ത്തം.

അനംഗോത്സവമാണ് തിരുവാതിര. മഹേശ്വര പ്രീതിയ്ക്കു വേണ്ടി കന്യകമാരും സര്‍വ്വാംഗനമാരും പ്രാര്‍ത്ഥിക്കുന്ന ദിനം. സുമംഗലികള്‍ ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിനും കന്യകമാര്‍ സത്ഭര്‍ത്യലാഭത്തിനും വേണ്ടി മഹേശ്വരനെ പൂജിക്കുന്ന ദിനം.

കാമദേവനെ ചുട്ടുകരിച്ച മൂന്നാംകണ്ണടച്ച്, കരുണാര്‍ദ്രമായ നോട്ടം കൊണ്ട് സര്‍വ്വാഭീഷ്ടസിദ്ധി വരുത്താന്‍ പാര്‍വ്വതീപതിയെ കൈതൊഴുന്ന ഈ ദിനം കാമദേവനെ ശിവന്‍ ചുട്ടുകരിച്ചതിന്‍റെ സ്മരണാര്‍ത്ഥം ആചരിക്കുന്നതാണെന്ന് ഒരു കഥ.

ഗോപസ്ത്രീകളുടെ അഹങ്കാരം ശമിപ്പിക്കുന്നതിന് മറഞ്ഞ കൃഷ്ണനെ തിരിച്ചുകിട്ടാന്‍ ഗോപസ്ത്രീകള്‍ പാര്‍വ്വതീ പൂജ നടത്തിയ ദിനമാണെന്നു വേറൊരു കഥ. എന്തായാലും വ്രതാനുഷ്ടാനങ്ങളോടെ ആഘോഷിക്കാവുന്ന തിരുവാതിര. "ധനു'വിന്‍റെ കാത്തിരിപ്പാണ്.

വ്രതാചരണ

മകയിരം നാളില്‍ വൈകുന്നേരം നാലരമണിക്ക് കിഴങ്ങുവര്‍ഗങ്ങളും പഴവും ചുട്ടുണ്ടാക്കിയ എട്ടങ്ങാടിയും കൂവചിരകിയതും വിളക്ക് വച്ച് തൂശനിലയില്‍ വിളമ്പി ശ്രീപാര്‍വതിയ്ക്ക് നിവേദിക്കുന്നു.

ഈ നിവേദ്യം കഴിച്ച ശേഷമാണ് വിവാഹിതരായ സ്ത്രീകളും കന്യകമാരും ആര്‍ദ്രാവ്രതാചരണം തുടങ്ങുന്നു. പിന്നീട് നൂറ്റെട്ടുവെറ്റിലയും അടയും നിവേദിച്ച് മൂന്ന് വെറ്റില ചേര്‍ത്ത് മൂന്ന് കൂട്ടുന്നു തിരുവാതിരനാള്‍ അര്‍ദ്ധരാത്രിയാകുമ്പോള്‍ അതിവിശിഷ്ടമായ ആര്‍ദ്രാജാഗരണം തുടങ്ങുന്നു.


ആര്‍ദ്രാജാഗരണ

ആര്‍ദ്രാജാഗരണത്തിന് കന്യകമാരുംസുമംഗലിമാരും അരിപ്പൊടി കലക്കി അലങ്കരിച്ച അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു. വിളക്കിനെ ഗണപതിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നു.

തിരുവാതിര പുലരുമ്പോള്‍ തുടിച്ച് കുളിച്ച് കരിക്ക്, പഴം, അട, അവല്‍, മലര്‍ ഇവയെല്ലാം നിവേദിച്ച് കൂവ കുറുക്കിയതും കഴിക്കുന്നു. ഉച്ചയ്ക്ക് അരിയാഹാരം പാടില്ല. അതിനാല്‍ ഗോതമ്പ്, ചാമ എന്നിവയുണ്ടാക്കി. തിരുവാതിരപ്പുഴുക്ക് കൂട്ടിക്കഴിക്കുന്നു.

അര്‍ദ്ധനാരീശ്വരപൂജ കഴിഞ്ഞാല്‍ അഷ്ടദിക്ക്പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തുകയും ചെയ്യുന്നു. ബാക്കിയുള്ള പൂജാപാത്രം മുകളിലേക്കുയര്‍ത്തി അരുന്ധതീദേവിയെന്ന സങ്കല്‍പ്പത്താല്‍ പൂജ ചെയ്യുന്നു.

ദീര്‍ഘമാംഗല്യപ്രാര്‍ത്ഥനയോടെയാണ് പൂജ അവസാനിപ്പിക്കുന്നത്. ശ്രീ പാര്‍വതീസ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരും വരെയാണ് തിരുവാതിരക്കളി.

പിറ്റേന്ന് രാവിലെ വീണ്ടും തുടിച്ച് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീടുന്നു. തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കുന്നതിനാണ് പാരണവീടുക എന്ന് പറയുക. അതു കഴിഞ്ഞാല്‍ മാത്രമേ അരി ഭക്ഷണം പറയുന്നത് കഴിക്കാന്‍ പാടുള്ളു.

മംഗല്യവരദായകയായ തിരുവാതിര മലയാളിയുടെ മനസ്സില്‍ എല്ലാക്കാലത്തും തരളവും സവിശേഷവുമായ അനുഭൂതിയാണ്. തിരുവാതിരവ്രതം സ്ത്രീകളുടേത് മാത്രമായ വ്രതമാണ്. വരാന്‍ പോകുന്ന ഉഷ്ണകാലത്തെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യവും കരുത്തും ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഈ കഠിനവ്രതം വഴി സ്ത്രീകള്‍ക്ക് കൈവരുന്നു.

അങ്ങനെ ആരോഗ്യവും സന്തോഷവും ഉല്ലാസവും പ്രധാനം ചെയ്ത് സ്ത്രീകളുടെ പെതുവേയുള്ള ജീവതിരീതിയെ പോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി തിരുവാതിരവ്രതത്തിനുണ്ട്.

തിരുവാതിരക്കുളി

പിന്നീട് കരയുള്ള വെളുത്ത വസ്ത്രം ധരിച്ച്, ചന്ദനം, വരമഞ്ഞള്‍ക്കുറി, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.

ധനുമാസത്തിന്‍റെ പൗര്‍ണമി പക്ഷത്തില്‍ രേവതിനാള്‍ മുതല്‍ തിരുവാതിര വരെ ഏഴുദിവസമാണ് തിരുവാതിരക്കുളി.

വിളക്ക്, കുറിക്കൂട്ട്, വസ്ത്രം, ദശപുഷ്പങ്ങള്‍ ഇവയെല്ലാമെടുത്ത് പുലര്‍ച്ചെ തുണുത്തുറഞ്ഞ വെള്ളത്തില്‍ അംഗനമാര്‍ പാട്ടുപാടി തുടിച്ചു കുളിക്കും.

അശ്വതി നാള്‍ അശ്വമുഖം കാണും മുന്‍പ്, ഭരണി നാള്‍ പ്രകാശം പരക്കും മുന്‍പ്, കാര്‍ത്തിക നാള്‍ കാര്‍ത്തിക കരയും മുന്‍പ്, രോഹിണി നാള്‍ രോമം കാണും മുന്‍പ്, മകയിരം നാള്‍ മക്കളുണരും മുമ്പ്, തിരുവാതിരനാള്‍ ഭര്‍ത്താവുണരും മുമ്പ് കുളിക്കണമെന്നു വയ്പ്.

പിന്നീട് കരയുള്ള വെളുത്ത വസ്ത്രം ധരിച്ച്, ചന്ദനം, വരമഞ്ഞള്‍ക്കുറി, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.

തുടിച്ചു കുളിപാട്ട

""ധനുമാസത്തിലെ തിരുവാതിര
ഭഗവാന്‍ തന്‍െറ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്‍,
കുളിക്കണം പോല്‍
ആടണം പോല്‍, പാടണം പോല്‍
പൊന്നൂഞ്ഞാലിലാടണം പോല്‍''


ദശപുഷ്പങ്ങള്‍ ഏതെല്ലാം ?

തിരുവാതിരവ്രതകാലത്ത് ഐശയ്യത്തിനും, ഭര്‍ത്താവിന്‍െറ ആയുരാരോഗ്യത്തിനും വേണ്ടി സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നു. കറുക, മുക്കുറ്റി, തിരുതാളി, നിലപ്പന, കയ്യോന്നി ,ചെറൂള, വിഷ്ണുക്രാന്തി, പൂവാം കുറുന്നില, മുയല്‍ ചെവിയന്‍, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പങ്ങള്‍ക്കോരോന്നിനും ഓരോ മൂര്‍ത്തികളുണ്ട്.

കറുക - ബ്രഹ്മാവ്
ചെറൂള - യമന്‍
വിഷ്ണുക്രാന്തി - ചന്ദ്രന്‍
നിലപ്പന - ശ്രീദേവി
മുയല്‍ചെവി - പരമശിവന്‍
ഉഴിഞ്ഞ - വരുണന്‍
തിരുതാളി - ശിവന്‍
പൂവാംകുറുന്നില - സരസ്വതി
മുക്കുറ്റി - വിഷ്ണു
കയ്യോന്നി - ഇന്ദ്രന്‍



വെബ്ദുനിയ വായിക്കുക