ദേവമേളയ്ക്ക് ആറാട്ടുപുഴ ഒരുങ്ങി

ബുധന്‍, 13 മാര്‍ച്ച് 2013 (16:42 IST)
PRO
PRO
1431-ാ‍മത്‌ ആറാട്ടുപുഴ പൂരത്തിന്‌ ആതിഥ്യമരുളാന്‍ ആറാട്ടുപുഴ ശാസ്താ ക്ഷേത്രവും പൂരപ്പാടവും ജനസഞ്ചയവും ഒരുങ്ങി. ഭൂമിയിലെ ഏറ്റവും വലിയ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം മാര്‍ച്ച്‌ 25നാണ്‌. പെരുവനം മഹാദേവ ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി 28 നാള്‍ കൊണ്ടാടിയിരുന്ന ഉത്സവത്തിന്റെ ആറാട്ടാണ്‌ ആറാട്ടുപുഴ പൂരമായി ആഘോഷിച്ചു വരുന്നത്‌.

നൂറ്റിഎട്ടോ അതില്‍ കൂടുതലോ ദേവീദേവന്മാര്‍ പങ്കെടുത്തിരുന്ന ദേവമേളയില്‍ ഇപ്പോള്‍ ഇരുപത്തിമൂന്ന്‌ ദേവീദേവന്മാരാണ്‌ പങ്കാളികള്‍. തൃശ്ശൂര്‍, കുട്ടനെല്ലൂര്‍ പൂരങ്ങളിലെ പങ്കാളികളും നെന്‍മാറ-വല്ലങ്കി വേലയിലെ പങ്കാളികളും ആദ്യകാലങ്ങളില്‍ ആറാട്ടുപുഴയില്‍ സമ്മേളിച്ചിരുന്നു. പെരിയാറിനും ഭാരതപ്പുഴയിക്കുമിടയ്ക്കുള്ള പ്രമുഖ ക്ഷേത്രങ്ങളെല്ലാം ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തിരുന്നുവത്രേ.

ഈ വര്‍ഷം ആഘോഷിക്കുന്നത്‌ 1431-ാ‍മത്‌ പൂരമാണ്‌. കാശിവിശ്വനാഥ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും ആറാട്ടുപുഴ പൂരദിവസം അത്താഴപൂജ നേരത്തെ കഴിക്കും. പൂരദിവസം ഗംഗാദേവിയുടെ ആത്മീയ സാന്നിദ്ധ്യം ഗംഗാനദിയിലല്ല, ഇരട്ടയപ്പന്‍ ആറാടിയിരുന്ന ആറാട്ടുപുഴയിലെന്നാണ്‌ വിശ്വാസം. മുപ്പത്തിമുക്കോടി ദേവകളുടേയും യക്ഷകിന്നര ഗന്ധര്‍വ്വാദികളുടേയും സപ്തര്‍ഷികളുടേയും ആത്മീയ സാന്നിദ്ധ്യം കൊണ്ട്‌ പവിത്രമായ ആറാട്ടുപുഴ ഗ്രാമം പൂരത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങി കഴിഞ്ഞു.

പതിനഞ്ച്‌ ആനകള്‍ക്കുള്ള നെറ്റിപട്ടം, കുട, ആലവട്ടം, വെഞ്ചാമരം, മണിക്കൂട്ടങ്ങള്‍ തുടങ്ങിയ ചമയങ്ങള്‍ സ്വര്‍ണ്ണം മുക്കുകയും മോടിപിടിപ്പിക്കയും ചെയ്യുന്ന പണികള്‍ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം രണ്ട് ചൂരപ്പൊളി നെറ്റിപ്പട്ടം, ഇരുപതോളം പുതിയ കുടകളും, ഒമ്പത്‌ ജോടി ആലവട്ടം, മൂന്ന്‌ ജോടി ചാമരം, എന്നിവയും ശാസ്താവിന്‌ വഴിപാടായി ലഭിച്ചിട്ടുണ്ട്‌. കൈപന്തത്തിന്‌ വേണ്ടി വരുന്ന 200 കിലോ തുണി പുഴുങ്ങി അലക്കി തയ്യാറാക്കി കഴിഞ്ഞു.

ക്ഷേത്രത്തിലെ എല്ലാ വിളക്കുകളും കൈപ്പന്തത്തിന്റെ നാഴികളും, മുപ്പന്തങ്ങളും പുതുക്കി. ഏക്കര്‍ കണക്കിന്‌ വിസ്തൃതമായ പൂരപ്പാടം ട്രാക്ടര്‍ ഉപയോഗിച്ച്‌ ഉഴുതുമറിച്ച്‌ പൂരത്തിന്‌ അനുയോജ്യമാക്കി. ക്ഷേത്രത്തിലെ പെയിന്റിങ്ങ്‌ ജോലികളും പോളിഷിങ്ങ്‌ പണികളും പൂര്‍ത്തീകരിച്ചു. ഏക്കര്‍ കണക്കിന്‌ വിസ്തൃതിയുള്ള പൂരപ്പാടം പ്രകാശപൂരിതമാക്കുന്നതും ദീപാലങ്കാരങ്ങള്‍ നടത്തുന്നതും തേവര്‍ക്ക്‌ നിലകൊള്ളാന്‍ ബഹുനിലവര്‍ണ്ണപ്പന്തല്‍ ഉയര്‍ത്തുന്നതും മന്ദാരം കടവ്‌ മണല്‍ വിരിച്ച്‌ ആറാട്ടിനു സജ്ജമാക്കുന്നതുമെല്ലാം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ധനസഹായത്തോടെ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ്‌.

വെബ്ദുനിയ വായിക്കുക