പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ ഫെംഗ്ഷൂയി

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2009 (17:14 IST)
PRO
വിവാഹശേഷം പ്രണയത്തിനു സ്ഥാനമുണ്ടോ? ഉണ്ടെന്ന് വിവാഹിതര്‍ സമ്മതിക്കും. പ്രണയമില്ലായെങ്കില്‍ ദാമ്പത്യ ജീവിതത്തിന് അര്‍ത്ഥമില്ലാതാവും. പ്രണയം നിലനിര്‍ത്താന്‍ വിവാഹിതരും അവിവാഹിതരും ശ്രദ്ധിക്കേണ്ട ചില ഫെംഗ്ഷൂയി ടിപ്പുകള്‍ ഇതാ;

വാതിലിന് അഭിമുഖമായി ഉറങ്ങരുത്. വാതിലിന് അഭിമുഖമായി കിടക്ക സജ്ജീകരിച്ചാല്‍ അത് ബന്ധങ്ങളില്‍ അസ്വാരസ്യമുണ്ടാക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം.

ദാമ്പത്യ ബന്ധത്തെ സംബന്ധിച്ചിടത്തോളം വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണം. പ്രണയബന്ധവും ദാമ്പത്യബന്ധവും മെച്ചപ്പെടുത്താന്‍ ഈ പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ഉറപ്പിന്റെ പ്രതീകമായ ചെറുകല്ലുകള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും വേണം. ഇവിടെ നദികള്‍ ഒഴുകുന്ന പര്‍വതങ്ങളുടെ മനോഹര ചിത്രങ്ങള്‍ തൂക്കുന്നതും നല്ലതാണ്.

കിടപ്പുമുറിയില്‍ പ്രണയത്തെ വരവേല്‍ക്കാന്‍ മുറി എപ്പോഴും ശുചിയായും അടുക്കിലും ചിട്ടയിലും സൂക്ഷിക്കണം. കിടപ്പുമുറിയില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഇത് പതുക്കെപ്പതുക്കെ നിങ്ങളുടെ പ്രണയ നിമിഷങ്ങളെ നശിപ്പിക്കും. കിടപ്പുമുറിയുടെ വാതില്‍ തുറക്കുമ്പോള്‍ തടസ്സമൊന്നുമുണ്ടാവരുത്.

ഇണപ്രാവുകള്‍, പൂക്കള്‍, വട്ടത്തിലുള്ള കണ്ണാടി തുടങ്ങി പ്രണയത്തിന്റെ പ്രതീകങ്ങളായ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കുക. നിങ്ങള്‍ മുറിയിലേക്ക് കടക്കുമ്പോള്‍ അഭിമുഖീകരിക്കത്തക്ക വിധത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്.

കിടക്കയില്‍ നിന്ന് ഭിത്തികളിലേക്ക് ഒരേ അകലമുള്ള രീതിയില്‍ വേണം കിടക്ക ക്രമീകരിക്കാന്‍. ഭിത്തിയോട് അടുത്ത് കിടക്കുന്ന ഒരാളിലെ പ്രണയ വികാരങ്ങള്‍ക്ക് ശക്തികുറയുമെന്നാണ് വിശ്വാസം. മുറിയില്‍ യഥേഷ്ടം വായുസഞ്ചാരം നടക്കത്തക്ക രീതിയില്‍ വേണം ജനാലകളും കിളിവാതിലുകളും വയ്ക്കേണ്ടത്.

കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് മൂലയില്‍ ഒരു കുളിമുറിയോ ടോയ്‌ലറ്റോ ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വാസം. ഇതിന് പരിഹാരമായി, കിടപ്പുമുറിയില്‍ അഞ്ച് ദണ്ഡുകളുള്ള ഒരു “വിന്‍ഡ് ചൈം” തൂക്കിയാല്‍ മതിയാവും. വീടിന്റെ തെക്ക്-പടിഞ്ഞാറു മൂലയില്‍ ഒരു ജലധാര വയ്ക്കുന്നത് നിങ്ങളുടെ ബന്ധത്തെ പരിപോഷിപ്പിക്കുമെന്നതു തീര്‍ച്ച.

അവിവാഹിതരും വിവാഹത്തിനു ശ്രമിക്കുന്നവരുമായ യുവതീയുവാക്കള്‍ കിടപ്പുമുറിയുടെ പുറത്ത് പിയോണി പുഷ്പത്തിന്റെ ചിത്രം തൂക്കുന്നത് വിവാഹം വേഗത്തില്‍ നടക്കാന്‍ സഹായിക്കുമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.