വസ്ത്രങ്ങള്‍ അഴകാവാന്‍

Webdunia
ശനി, 15 ഡിസം‌ബര്‍ 2007 (17:43 IST)
WD
ഷോപ്പിംഗ് എന്ന് പറഞ്ഞാല്‍ ഒരു ഉത്സവമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വസ്ത്രങ്ങള്‍ വാങ്ങാനാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പ്രത്യേക ഉത്സാഹവുമാണ്. വസ്ത്രങ്ങള്‍ വാങ്ങി കൂട്ടിയാല്‍ പിന്നെ അത് ശരിയായ രീതിയില്‍ സൂക്ഷിക്കണമല്ലോ. അതിനായി ചില നിര്‍ദ്ദേശങ്ങളിതാ,

വസ്ത്രങ്ങള്‍ ശരിയായ രീതിയില്‍ മടക്കിയാണോ സൂക്ഷിക്കുന്നത്. അങ്ങനെ ചെയ്താല്‍ പലപ്പോഴും ഉടനെയുള്ള ഇസ്തിരിയിടല്‍ ഒഴിവാക്കാം. ഇത് മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതെയിരിക്കാനും സഹായിക്കും.

ഷര്‍ട്ടുകള്‍ ഒന്നിനു മേലെ ഒന്നായി മടക്കി വയ്ക്കുന്നത് നല്ലതല്ല. ഇത് താഴെയുള്ള ഷര്‍ട്ടുകളില്‍ ചുളിവുകള്‍ വീഴ്തും.

ജാക്കറ്റ് പോലെയുള്ള ഭാരമുള്ള വസ്ത്രങ്ങള്‍ ശക്തിയുള്ള തടി അല്ലെങ്കില്‍ പ്ലാസ്റ്റിക് ഹാംഗറുകള്‍ ഉപയോഗിച്ച് തൂക്കിയിടാന്‍ ശ്രദ്ധിക്കൂ. വൂളന്‍ വസ്ത്രങ്ങള്‍ ഡ്രോയറിനുള്ളില്‍ സൂക്ഷിക്കുന്നതാണ് അഭികാമ്യം.

ടി ഷര്‍ട്ടുകള്‍ ചുരുട്ടിക്കൂട്ടി വയ്ക്കുകയേ അരുത്. ഇത് അതിന്‍റെ സ്വാഭാവിക മടക്കുകള്‍ ഇല്ലാതാക്കുന്നതിന് ഒപ്പം ഷേപ്പും നഷ്ടമാക്കും. കാഷ്വല്‍ വസ്ത്രങ്ങള്‍ പാഡഡ് ഹാംഗറില്‍ തൂക്കുക. ഇത് നിങ്ങളുടെ ഷേപ്പിനൊത്ത രീതിയില്‍ വസ്ത്രത്തെ കാത്തു സൂക്ഷിക്കും.

പാന്‍റുകള്‍ സൂക്ഷിക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് കാലുകളുടെയും മടക്കുകള്‍ കൃത്യമാവുന്ന രീതിയില്‍ തന്നെയാവണം സൂക്ഷിക്കേണ്ടത്. ക്ലിപ്പുകള്‍ ഉള്ള ഹാംഗര്‍ നല്ലതാണ്. എന്നാല്‍, ഒന്ന് മറ്റൊന്നിനെ തൊടാത്ത രീതിയില്‍ വേണം പാന്‍റുകള്‍ തൂക്കേണ്ടത്.