താരങ്ങളില്ലാതെ ചെക്ക് വരുന്നു

PROPRD
പൊബേഴ്‌സ്കിയും നെഡ്‌വെഡും ഇല്ലാതെ തന്നെ ചെക്ക് റിപ്പബ്ലിക്ക് യൂറോ 2008 ന്‍റെ യോഗ്യതാ മത്സരത്തില്‍ കളിക്കാന്‍ എത്തുമ്പോള്‍ ഗ്രൂപ്പിലെ ശക്തി കേന്ദ്രം ജര്‍മ്മനിയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ജേതാക്കളായത് ചെക്കും. ചെക്കിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ജര്‍മ്മനി യോഗ്യത നേടിയത്. വലയ്‌ക്ക് മുന്നില്‍ കരുത്തനായ പീറ്റര്‍ കെച്ചും മുന്നേറ്റത്തില്‍ മിലന്‍ ബരോസും യാന്‍ കോളറും, മാജിക് കാണിക്കാന്‍ തന്നെയാണ് പരിശീലകന്‍ കാരെല്‍ ബ്രൂക്ക്‍നറിന്‍റെ പുറപ്പാട്.

കരേല്‍ പൊബേഴ്‌സ്കി, പാവേല്‍ നെഡ്‌വെഡ് പ്രമുഖ താരങ്ങള്‍ രണ്ട് പേര്‍ വിരമിക്കുകയും ആഴ്‌സണല്‍ താരം റൊസിക്കി പരുക്കില്‍ പെട്ടതും ചെക്ക് റിപ്പബ്ലിക്കിന്‍റെ കരുത്ത് കുറച്ചു എന്ന് കരുതാന്‍ വരട്ടെ. ശേഷിക്കുന്ന യുവതാരങ്ങളുമായി പൊരുതാനാണ് അവരുടെ പുറപ്പാട്. പരിചയസമ്പന്നരും യുവതാരങ്ങളും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ചെക്കിന്‍റെ യഥാര്‍ത്ഥ ശക്തി ഡിഫന്‍സിലാണ്. ഡെവിഡ് റൊസനാള്‍ എന്ന ഡിഫന്‍സ് മാസ്റ്റര്‍ക്ക് മുന്നില്‍ എതിര്‍ മുന്നേറ്റക്കാര്‍ അല്പം ചൂളും. ഇനി പ്രതിരോധം കടന്നാലും പ്രീമിയര്‍ ലീഗില്‍ ചെല്‍‌സിയുടെ വല കാക്കുന്ന പീറ്റര്‍ കെച്ച് എന്ന മിടുക്കനായ ഗോള്‍ കീപ്പറെയും മറി കടക്കേണ്ടി വരും. റാഡ്സ്ലോവ് കോവാക്കാണ് റെസ്നാളിന്‍റെ പ്രധാന തോഴന്‍.

മരെക് യാങ്കുസ്ലോവ്‌സ്കി, ലെഫ്റ്റ് ബാക്കായി എത്തുമെങ്കിലും വലതു പാര്‍ശ്വത്തില്‍ ചെറിയ പഴുത് മുഴയ്‌ക്കുകയാണ്. തോമാസ് ഉജ്ഫാളൂസിയോ സെനെക്ക് ഗ്രെയ്‌ഗേരയോ സെനെക്ക് പോസ്പെക്കോ ആ പ്രശ്‌നം പരിഹരിക്കും.

അനേകം യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ചെക്കിനെ 96 ല്‍ നയിച്ച മിറാസ്ലോവിന്‍റെ പുത്രന്‍ മൈക്കല്‍ കെഡ്‌ലെക്ക് എന്ന യുവതാരവും അവസരത്തിനായി കാത്തിരിക്കുന്നു. 2007 ലെ അണ്ടര്‍-20 താരങ്ങമായ മാര്‍ട്ടിന്‍ ഫെനിന്‍ മുന്നേറ്റത്തില്‍ യാന്‍ കോളറും മിലന്‍ ബരോസുമായും മത്സരിക്കേണ്ടതായി വരും.

ഒരിക്കല്‍ ഗോളി ആയിരിക്കുകയും പിന്നീട് മുന്നേറ്റക്കാരനാകുകയും ചെയ്ത ചെക്കിന്‍റെ ഏറ്റവും വലിയ ഗോള്‍ സ്കോററാണ് യാന്‍ കോളര്‍. യാന്‍ കോളര്‍ ഇപ്പോഴും ചെക്കിന്‍റെ പ്രതീക്ഷ സജീവമാക്കുന്നു. കോളറിനെ പോലെ തന്നെ 35 കാരനായ മറ്റൊരു താരം തോമാസ് ഗെലെസെക്കും പരിചയ സമ്പന്നരുടെ നിരയില്‍ നിന്നും കളിക്കുന്നു.

മദ്ധ്യനിരയില്‍ കളി ഉണ്ടാക്കാന്‍ റോസിക്കിയുടെ അഭാവത്തില്‍ മിക്കവാറും വരിക മരെക് മറ്റേജോവ്‌സകിയാണ്. നെഡ്‌‌വെഡ് കളിക്കാതിരിക്കുകയും റോസിക്കിക്കു പരുക്ക് പറ്റിയതുമായ സാഹചര്യത്തില്‍ മാറ്റെജോവ്‌സ്കിക്കു പണിയേറും. മദ്ധ്യനിരയില്‍ യാറോസ്ലാവ് പ്ലാസില്‍, ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ യാന്‍ പോളാക്ക് പ്രതിഭാശാലിയായ ഡേവിഡ് ജറോലിം എന്നിവരും ഉണ്ട്. ഗ്രൂപ്പ് എയില്‍ ജൂണ്‍ 7 ന് തുര്‍ക്കിക്കെതിരെ ആണ് ആദ്യ മത്സരം.

54 മത്സരങ്ങള്‍ ഇതുവരെ യൂറൊയില്‍ കളിച്ച ചെക്ക് 39 കളികളാണ് ജയിച്ചത്. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ തോറ്റത് ഏഴെണ്ണത്തിലാണ്. 96 ല്‍ ജര്‍മ്മനിയെ തകര്‍ത്താണ് കപ്പെടുത്തത്. 117 ഗോളുകളടിച്ച അവര്‍ 37 എണ്ണമാണ് ആകെ വാങ്ങിയത്. ആരും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ തിളങ്ങുന്ന അപ്രതീക്ഷിത മികവ്കാരുടെ നിരയാണിത്.

വെബ്ദുനിയ വായിക്കുക