യോഗ്യതാ മത്സരങ്ങളില്‍ മികച്ച തുടക്കം കാഴ്ച വച്ച ക്രൊയേഷ്യന്‍ ടീമിന് യൂറോ യോഗ്യതാ മത്സരങ്ങളീല്‍ തുടക്കം അത്ര മെച്ചമായില്ല. ആതിഥേയരായ ഓസ്ട്രിയയ്‌ക്കെതിരെ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ ഒരു ഗോള്‍ ജയവുമായി കഷ്ടിച്ച് രക്ഷപ്പെട്ടു. ആദ്യ മത്സരത്തില്‍ ആരാധകര്‍ക്ക് ആരവം നല്‍കാന്‍ ഓസ്ട്രിയ മറന്നു പോയി.
തുടക്കത്തില്‍ കാട്ടിയ ഒരു നേരിയ പിഴവായിരുന്നു ഓസ്ട്രിയയുടെ വിധി കുറിച്ചത്. ഇവീക്കാ ഒലിക്കിനെ ഔഫ് ഹൌസര്‍ ബോക്‍സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ലൂക്കാ മോഡ്രിക്ക് വലയില്‍ എത്തിച്ചു. ആദ്യ ഗോളിനു പിന്നിലായി പോയ ശേഷം ആതിഥേയര്‍ പ്രതിരോധം മുറുക്കിയെങ്കിലും ആക്രമണം കാര്യമായി ശോഭിച്ചില്ല.
ഒന്നാം പകുതിയില്‍ അവര്‍ക്ക് ലഭിച്ച മികച്ച അവസരമാകട്ടെ ജോക്കിം സ്റ്റാന്‍ഡ് ഫെസ്റ്റ് ഹെഡ് ചെയ്ത് വിട്ടത് പുറത്തേക്കുമായി. ഓസ്ട്രിയന്‍ സൂപ്പര്‍ താരങ്ങളായ സെബാസ്റ്റ്യന്‍ പ്രോഡിലും ജോക്കിം സ്റ്റാന്‍ഡ് ഫെസ്റ്റും ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഭാഗ്യവും ക്രൊയേഷ്യന്‍ പ്രതിരോധവും വഴങ്ങാതെ പിടിച്ചു നിന്നു.