സ്പെയിനു വിശ്വാസം കാക്കണം

PROPRO
ലോകത്തിലെ ഏറ്റവും പ്രമുഖമായ ഫുട്ബോള്‍ ലീഗാണ് നടത്തുന്നതെങ്കിലും അര്‍ഹമായ അംഗീകാരം ഇതുവരെ രാജ്യാന്തര ഫുട്ബോളില്‍ നേടാന്‍ കഴിയാത്തവരാണ് സ്പെയിന്‍. എല്ലാത്തവണത്തേതും പോലെ തന്നെ മികച്ച യുവനിരയുമായി പോരിനു വരികയും കളി തുടങ്ങുമ്പോള്‍ കവാത്ത് മറന്ന് ആദ്യ റൌണ്ടില്‍ പുറത്താകുകയും ചെയ്യുകയാണ് സ്പാനിഷ് ടീമിന്‍റെ പതിവ്. ഇത്തവണ പതിവുകള്‍ തെറ്റിക്കാനാണ് സ്പാനിഷ് ചുവപ്പ് ചെകുത്താന്‍‌മാരുടെ നീക്കം.

ഫെര്‍ണാണ്ടോ ടോറസ് എന്ന മുന്നേറ്റ നിരക്കാരനും സാവി, ഫാബ്രിഗാസ്, ഇനിയേസ്റ്റ എന്നീ ഭാവനാ സമ്പന്നരായ മദ്ധ്യനിരക്കാരനും റാമോസ്, പുയോള്‍ എന്നീ പ്രതിരോധ നിരക്കാരും ഒത്തു ചേര്‍ന്ന സ്പാനിഷ് നിരയില്‍ ഇത്തവണ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഉള്ള റൌളിനു പോലും ചാന്‍സ് ഇല്ലായിരുന്നു.

യോഗ്യതാ റൌണ്ടിലെ വളര്‍ച്ചയ്‌ക്കും തളര്‍ച്ചയ്‌ക്കുമിടയില്‍ എഫ് ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി യൂറോയില്‍ എത്തിയ അരഗോണിസിന്‍റെ ടീം സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെയും ഇറ്റലിയെയും കീഴടക്കിയ ശേഷമാണ് യൂറോയില്‍ എത്തുന്നത്. കഴിവുറ്റ യുവ നിര തന്നെയാണ് യൂറോയ്‌ക്ക് മുമ്പേ തന്നെ സ്പെയിനെ ഫേവറിറ്റുകളാക്കുന്നത്.

യോഗ്യതാ റൌണ്ടില്‍ 4-1-4-1 ശൈലി പരീക്ഷിച്ചാണ് അരഗോണസ് വിജയം കണ്ടെത്തിയത്. വലകാക്കാന്‍ കാസിലസ് എന്ന റയല്‍ താരത്തിനു മുന്നില്‍ പ്രതിരോധ കോട്ടയായി കാര്‍ലോസ് പുയോളും മര്‍ഷേനയും. വശങ്ങളില്‍ ഏറ്റവും മികവുറ്റ വിംഗര്‍മാരായ സെര്‍ജിയോ റാമോസ് കാപ്ഡെവില്ലയും സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ഏറെ സവിശേഷമായ മദ്ധ്യനിരയില്‍ സാവി ഹെര്‍ണാണ്ടസ്, സെസ്ക് ഫാബ്രിഗാസ്, അന്നിവര്‍ക്ക് പിന്നില്‍ ഒറ്റ പ്രതിരോധ മദ്ധ്യനിരക്കാരനായി ബ്രസീലിയന്‍ വംശജനായ മാര്‍ക്കോസ് സെന്നയുണ്ട്. വശങ്ങളില്‍ ആക്രമണത്തിനായി ഇനിയേസ്റ്റയും സില്‍‌വയും. ഗോളടിക്കാനുള്ള ചുമതല ലിവര്‍പൂളിന്‍റെ ഗോളടിയന്ത്രം ഫെര്‍ണാണ്ടോ ടോറസിനാണ്. ഡെവിഡ് വില്ലയും ദാനിയേല്‍ ഗൂരും പകരക്കാരുടെ വേഷത്തില്‍ അവസരത്തിലായി കാത്തിരിക്കുന്നവരാണ്. സെര്‍ജിയോ ഗാര്‍സ്യ, സാന്‍റിയാഗോ കസോര്‍ലാ, സാബി അലോന്‍സോ സ്പെയിന്‍റെ പകരക്കാര്‍ വരെ കരുത്തരാണ്.

1964 ല്‍ റഷ്യയെ 2-1 നു മാഡ്രിഡില്‍ പരാജയപ്പെടുത്തി കപ്പെടുത്തതാണ് ഏക നേട്ടം. 13 യുവേഫ കപ്പുകളിലായി യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പടെ 122 കളി കളിച്ച സ്പെയിന്‍ 72 കളി ജയിച്ചപ്പോള്‍ 24 എണ്ണം സമനിലയില്‍ ആകുകയും 26 എണ്ണം തോല്‍ക്കുകയും ചെയ്തു. 260 ഗോളടിച്ച് വാങ്ങിയത് 108 എണ്ണം. ഈ 13 കപ്പുകളിലും മികച്ച താര നിരയുമായിട്ടാണ് എത്തിയതെങ്കിലും ടീമായി കളിക്കുമ്പോള്‍ പരാജയമാകുന്നതാണ് പ്രശ്നം.

വെബ്ദുനിയ വായിക്കുക