ഗ്രീസിന് തുടക്കം തോല്‍‌വിയോടെ

Webdunia
ബുധന്‍, 11 ജൂണ്‍ 2008 (11:52 IST)
PROPRO
ചാമ്പ്യന്‍‌മാരായ ഗ്രീസിന് യൂറോ2008 ല്‍ മോശം തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സ്വീഡനായിരുന്നു ചാമ്പ്യന്‍‌മാരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറ പറ്റിച്ചത്. സൂപ്പര്‍ താരം ഇബ്രാഹിമോവിക്കും ഹാന്‍‌സണും രണ്ടാം പകുതിയില്‍ കണ്ടെത്തിയ ഗോളുകളായിരുന്നു യവനദേവന്‍‌മാരെ പരാജയപ്പെടുത്തിയത്.

രണ്ടാം പകുതിയിലെ അറുപത്തേഴാം മിനിറ്റില്‍ ഇബ്രാഹിമോവിക്ക് 25 വാര അകലത്തില്‍ നിന്നും തൊടുത്ത കനത്ത അടി വലയില്‍ എത്തുകയായിരുന്നു. 2005 നു ശേഷം ഇബ്രാഹിമോവിക്ക് നേടുന്ന ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം പീറ്റര്‍ ഹാന്‍‌സണ്‍ മറ്റൊരു ഉജ്വല ഗോള്‍ കൂടി കണ്ടതോടെ ഗ്രീസിന്‍രെ കാര്യം പരുങ്ങലിലായി.

നേരത്തേ തുടക്കത്തില്‍ തന്നെ ഹാന്‍സണ്‍ ഗ്രീസിനെ കീഴ്പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഹെഡ്ഡര്‍ പുറത്തേക്ക് പോയി. കഴിഞ്ഞ യൂറോയില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി കിരീടം കണ്ടെത്തിയ ഗ്രീസിന് പക്ഷേ ഇത്തവണ പഴയ പ്രതീപത്തിന്‍റെ നിഴലില്‍ നിന്നും പുറത്ത് കടക്കാനേ കഴിഞ്ഞില്ലായിരുന്നു.

കഴിഞ്ഞ തവണ പോര്‍ച്ചുഗലിനെ ഫൈനലില്‍ തകര്‍ത്ത ചരിസ്റ്റിയാസ് തന്നെയായിരുന്നു സ്വീഡനെതിരെ ഭീഷണീ മുഴക്കിക്കൊണ്ടിരുന്നത്. ഒട്ടേറെ തവണ സ്വീഡിഷ് ഗോളി ആന്ദ്രേസ് ഇസാക്സണ്ണിനെ ഗ്രീസ് താരം പരീക്ഷിച്ചെങ്കിലും ഒന്നും തുണയായില്ല. ഈ വിജയത്തോടെ ഗ്രൂപ്പില്‍ സ്പെയിനൊപ്പം സ്ഥാനം പങ്കിടാന്‍ സ്വീഡനായി. ഇനിയുള്ള മത്സരത്തില്‍ റഷ്യയെയും സ്പെയിനെയും തകര്‍ക്കണം എന്ന നിലയില്‍ നില്‍ക്കുന്ന ഗ്രീസിന്‍റെ കാര്യം പരുങ്ങലിലായി.