ലോ‌ക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഉത്തരവാദിത്വം തനിക്കെന്ന് രാഹുല്‍‌ഗാന്ധി

ചൊവ്വ, 28 ജനുവരി 2014 (12:30 IST)
PTI
ലോക്‍സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പരസ്പരം രൂക്ഷവിമര്‍ശനം . ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രംഗത്തെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ നേരിടാന്‍ ഭയമില്ലെന്നും തോല്‍വി ഭയന്നു കൊണ്ടാണ് താന്‍ മോഡിയുമായി നേര്‍ക്കുനേര്‍ വരാത്തത് എന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തിന് പ്രേരണ നല്‍കിയത് നരേന്ദ്ര മോഡി സര്‍ക്കാരാണെന്നും മോഡിയുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതാപരമാണെന്നും രാഹുല്‍ പറഞ്ഞു.

സിഖ് വിരുദ്ധ കലാപത്തെയും ഗുജറാത്ത് കലാപത്തെയും ഒരുപോലെ കാണാനാകില്ല. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

പാര്‍ട്ടിയിലെ അധികാരം ഒരാളിലേക്ക് ചുരുങ്ങുന്നതാണ് ബിജെപിയില്‍ കാണുന്നത്.അടിസ്ഥാനപരമായി താന്‍ ഇതിന് എതിരാണ്.ജനാധിപത്യത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ തന്റെ പേര് പരാമര്‍ശിക്കുന്നവര്‍ ജയിക്കുമ്പോള്‍ തന്റെ പേര് വിസ്മരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി നല്ലതാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായാല്‍ വിവരാവകാശ നിയമപരിധിയില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്താന്‍ താന്‍ അനുകൂലിക്കുമെന്നും രാഹുല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക