കന്യാകുമാരിയില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍

തിങ്കള്‍, 21 ഏപ്രില്‍ 2014 (18:38 IST)
PRO
PRO
കേരള തലസ്ഥാന നഗര ജില്ലയോട് തൊട്ടുകിടക്കുന്ന കന്യാകുമാരി ജില്ലയില്‍ വോട്ടെടുപ്പ് നടക്കാന്‍ കേവലം മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രചാരണം ഉച്ചകോടിയിലെത്തി. കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഏതു വിധേനയും ജയിപ്പിക്കണം എന്ന ഉദ്ദേശത്തോടെ സാക്ഷാല്‍ സോണിയാ ഗാന്ധി തന്നെ രണ്ട് തവണ കന്യാകുമാരിയില്‍ പ്രചാരണം നടത്തിയതിനൊപ്പം കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടി വീണ്ടും തിങ്കളാഴ്ച പ്രചാരണത്തിനെത്തുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം കന്യാകുമാരിയിലെത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെ പരസ്യ പ്രചാരണം അവസാനിക്കുകയാണിവിടെ. വസന്തകുമാറാണ്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടിലെ മിക്ക സീറ്റുകളിലും പ്രധാനപ്പെട്ട അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ്‌ മത്സരിക്കുന്നതെങ്കില്‍ കന്യാകുമാരിയില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി കൂടം‍കുളം പ്രശ്നത്തിലൂടെ പ്രസിദ്ധിയിലേക്ക് ഉയര്‍ന്ന ഉദയകുമാര്‍ ആറാമത്തെ പ്രധാന പാര്‍ട്ടിയായി ഇവിടെ മത്സരിക്കുന്നുണ്ട്.

ബിജെപി യുടെ സംസ്ഥാന പ്രസിഡന്‍റു കൂടിയായ പൊന്‍ രാധാകൃഷ്ണനെ ഏതുവിധേനയും ജയിപ്പിക്കുകയാണെങ്കില്‍ മോഡി ഭരണത്തില്‍ കന്യാകുമാരിയില്‍ നിന്ന് അദ്ദേഹം കേന്ദ്രമന്ത്രിയാകും എന്ന രീതിയിലാണ്‌ പ്രചാരണം. സാക്ഷാല്‍ മോഡിയും കൂടാതെ അദ്വാനിയും ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. ഇരുവരെയും കാണാന്‍ വന്‍ ജനക്കൂട്ടം എത്തുകയും ചെയ്തിരുന്നു. ഇവരെ കൂടാതെ സഖ്യകക്ഷി നേതാക്കളായ വിജയകാന്ത്, വൈകോ എന്നിവരും പ്രചാരണത്തിനെത്തിയത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.

അതേ സമയം ഭരണകക്ഷിയായ എഐഎഡിഎംകെ യുടെ ജോണ്‍ തങ്കത്തിനു വേണ്ടി പാര്‍ട്ടിയുടെ എല്ലാമെല്ലാമായ അമ്മ സാക്ഷാല്‍ ജയലളിത തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണിവിടെ. ഇവര്‍ക്കൊപ്പം നടന്‍ ശരത് കുമാറും ഉണ്ട്. ഡിഎംകെ സ്ഥാനാര്‍ത്ഥി രാജരത്നത്തിനു വേണ്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സ്റ്റാലിനും കൂട്ടറും വന്‍ പ്രചാരണമാണിവിടെ നടത്തിയിരിക്കുന്നത്. കനിമൊഴിയും ചൊവ്വാഴ്ച ഇവിടെയെത്തും.

സിപിഎം സ്ഥാനാര്‍ത്ഥി ബെല്ലാര്‍മിനു വേണ്ടി പോലിറ്റ് ബ്യൂറൊ അംഗം സീതാറാം യെച്ചൂരി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ എന്നിവരും പ്രചാരണം നടത്തിയിട്ടുണ്ട്. സിപിഎമ്മിനു നല്ല വേരോട്ടമുള്ള വിളവന്‍കോട് താലൂക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടി വന്‍ പ്രചാരണമാണ്‌ നടത്തുന്നത്. എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ ശുഭാപ്തി വിശ്വാസമാണിവിടെയുള്ളത്.

വെബ്ദുനിയ വായിക്കുക