യു ഡി എഫ് വികസിപ്പിക്കും: തങ്കച്ചന്‍

വ്യാഴം, 9 ഏപ്രില്‍ 2009 (15:23 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് വികസിപ്പിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ‘ജനവിധി 2009’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള മതേതര കക്ഷികളെ ചേര്‍ത്താണ് യു ഡി എഫ് വികസിപ്പിക്കുക.

തെരഞ്ഞെടുപ്പില്‍, പി ഡി പിയുമായി കൂട്ടുകൂടുന്ന സി പി എം വര്‍ഗീയ പ്രീണനമാണ്‌ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം കോണ്‍ഗ്രസിന്‍റെ വിജയത്തെ ബാധിക്കില്ല. ജമാ അത്തെ ഇസ്ലാമി എല്ലാ കാലത്തും കോണ്‍ഗ്രസിനെതിരായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്നും തങ്കച്ചന്‍ പറഞ്ഞു.

2001ല്‍ താന്‍ പെരുമ്പാവൂരില്‍ മത്സരിക്കുമ്പോള്‍ മദനിയുടെ ചിത്രമുള്ള പോസ്‌റ്റര്‍ അടിച്ചത്‌ പി ഡി പി പ്രവര്‍ത്തകരാണ്. അതിന്‍റെ ഫലം താന്‍ അനുഭവിച്ചു. ഈ പോസ്റ്ററാണ്‌ തന്‍റെ പരാജയത്തിനു കാരണമായതെന്നും ചോദ്യത്തിനുത്തരമായി തങ്കച്ചന്‍ പറഞ്ഞു.

ജയിലില്‍ നിന്ന്‌ വന്നതിനു ശേഷം മദനി വിശുദ്ധനായെന്നാണ്‌ സി പി എമ്മിന്‍റെ വാദം. എന്നാല്‍ ഇത്‌ സ്വന്തം പാര്‍ടി അണികളെയോ മുന്നണിയിലെ ഘടകക്ഷികളെയോ പൊതുജനങ്ങളെയോ ബോധ്യപ്പെടുത്താന്‍ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. സി പി എമ്മിന്‍റെ പി ഡി പി ബന്ധം പൊതുജനം ഇഷ്ടപ്പെടുന്നില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക