തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ലാലു പ്രസാദ് യാദവും രംഗത്ത്. പിലിബിറ്റില്‍ വിവാദ പ്രസംഗം നടത്തി അറസ്റ്റിലായ വരുണ്‍ ഗാന്ധിയാണ് ലാലുവിന്‍റെ മൂര്‍ച്ചയേറിയ നാവിന് ഇരയായത്.
താന്‍ ആഭ്യന്തര മന്ത്രിയായിരുന്നു എങ്കില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയ വരുണ്‍ ഗാന്ധിയെ റോളര്‍ കയറ്റി തവിടുപൊടിയാക്കുമായിരുന്നു എന്ന് കേന്ദ്ര റയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച കിഷന്‍ഗഞ്ചിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി തസ്ലിമുദ്ദീന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ലാലു.
താന്‍ ആഭ്യന്തര മന്ത്രി ആയിരുന്നു എങ്കില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയതിന് വരുണ്‍ ഗാന്ധിയെ റോളര്‍ കയറ്റി തവിടുപൊടിയാക്കുമായിരുന്നു. അതിനെ തുടര്‍ന്ന് ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് ആലോചിക്കാതെ വരുണിനെ ഇല്ലാതാക്കുമായിരുന്നു എന്നും ലാലു പറഞ്ഞു.
ബിജെപി 2004 ലെ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ വിദേശ പൌരത്വം വിഷയമാക്കി അധികാരത്തിലെത്താന്‍ ശ്രമിച്ചത് നിരാശജാകമായിരുന്നു എന്ന് പറഞ്ഞ ലാലു പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനും ബിജെപി നേതാവ് അദ്വാനിക്കും നേരെയാണ് ആക്രമണം നടത്തിയത്.
നിതിഷ് കുമാര്‍ അദ്വാനിയുടെ മടിത്തട്ടിലാണ് ഇരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ നേരിട്ട് പങ്കുള്ള അദ്വാനിയുടെ മോഹങ്ങള്‍ ഒന്നും നടക്കില്ല എന്നും ലാലു പറഞ്ഞു.