പടക്കവിപണി സജീവം

ബുധന്‍, 7 നവം‌ബര്‍ 2007 (15:02 IST)
WDWD
ദീപാവലി ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ വ്യത്യസ്ത ഇനം പടക്കങ്ങളുമായി സംസ്ഥാനത്തെ പടക്ക വിപണി സജീവമായി. കോഴിക്കോട് മിഠായിത്തെരുവിലെ വെടിമരുന്ന് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് പടക്കകടകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശിവകാശി ഉള്‍പ്പടെ അന്യസംസ്ഥാനങ്ങളിലെ പടക്കനിര്‍മ്മാണ ശാലകളില്‍ നിന്നുമുള്ള വിവിധതരം പടക്കങ്ങളാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. കമ്പിത്തിരി, മത്താപ്പ്, തറച്ചക്രം തുടങ്ങി ദീപപ്രഭ ചൊരിയുന്ന പടക്കങ്ങളെല്ലാം എത്തിയിരിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ്.

എന്നാല്‍ അപകട സാധ്യത കുറവുള്ളതും വന്‍ ശബ്ദങ്ങള്‍ ഉള്ളതുമായ അമിട്ടുകളും ഈര്‍ക്കില്‍ വാണങ്ങളുമായി സംസ്ഥാനത്തെ പടക്കനിര്‍മ്മാണ ശാലകളും സജീവമായി. അപകടം ഒഴിവാക്കാനായി പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ക്ലോറൈഡ് പോലെയുള്ള രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെയാണ് ഇത്തവണ പടക്കങ്ങളില്‍ ഭൂരിഭാഗവും.

വെടുയുപ്പ്, കരി, സള്‍ഫര്‍ എന്നിവ ചേര്‍ത്ത അമിട്ടുകളും പി.വി.സി, അലുമിനിയം പൌഡര്‍ എന്നിവയുടെ മിശ്രിതത്തിലൂടെ വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന നിലാ അമിട്ടുകളും ദീപാവലിയെ ശബ്ദമുഖരിതമാക്കും. 180 അടി ഉയരത്തില്‍ പൊങ്ങി പല ദിശകളിലായി പൊട്ടുന്ന പടക്കങ്ങളും കൂടുതല്‍ വിറ്റുപോകുന്നതായി വ്യാപാരികള്‍ പറയുന്നു.

25 രൂപ മുതല്‍ 500 രൂപ വരെയുള്ള പടക്കങ്ങളാണ് വിപണിയിലുള്ളത്. ലൈസന്‍സില്ലതെ പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക