സി.ജി.ഗോപിനാഥ് നാടകരംഗത്തെ ശ്രേഷ്ഠന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിപ്ളവസന്ദേശങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിച്ച കാഥികനായ സി.ജി. ഗോപിനാഥ് പില്‍ക്കാലത്ത് കേരളത്തിലെ പ്രഫഷണല്‍ നാടക രംഗത്തെ ശ്രേഷ്ഠന്മാരില്‍ ഒരാളായി.

കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന തോപ്പില്‍ഭാസിയുടെ നാടകത്തില്‍ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രവേശം.

ചങ്ങന്പുഴയുടെ വാഴക്കുല ജനമധ്യത്തില്‍ പാടി അവതരിപ്പിച്ച് ജന്മിത്വത്തിനെതിരെ പോരാടാന്‍ പാവങ്ങളെ അണിച്ചേര്‍ത്തു. പാര്‍ട്ടിയുടെ തത്വങ്ങള്‍ വിശ്വസിച്ച് പാര്‍ട്ടിയ്ക്കു വേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ചെറുപ്പക്കരാനായിരുന്നു അദ്ദേഹം. അതിനായി കഥാപ്രസംഗകന്‍റെയും കവിയുടെയും കഥാകൃത്തിന്‍റെയും വിപ്ളവഗായകന്‍റെയും പ്രഭാഷകന്‍റെയും വേഷം കെട്ടി.

1952ല്‍ ചലനത്തിന്‍റെ പാട്ടുകള്‍ എന്ന ഗാനസമാഹാരം ഒ. മാധവനുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തോപ്പില്‍ഭാസിയുടെ അവതാരികയോടുകൂടി മുന്നേറ്റം എന്ന കാവ്യസമാഹാരം പുറത്തിറക്കി. കുറെ ചെറുകഥകള്‍ ജനയുഗം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും കഥയെഴുത്ത് തുടര്‍ന്നില്ല. മറിച്ച് നടനായി തുടര്‍ന്നു.

മുടിയനായ പുത്രനിലെ ചാത്തന്‍ പുലയന്‍റെ വേഷത്തിലാണ് സി.ജി.ഏറെ ശോഭിച്ചത്. പുതിയ ആകാശം പുതിയ ഭൂമിയില്‍ തൊഴിലാളി നേതാവായും അശ്വമേധത്തില്‍ നായികയുടെ സഹോദരനായ സദാനന്ദനായും സി.ജി. ശോഭിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് കെ.പി.എ.സിയെയും കലാകാരന്മാരെയും ബാധിച്ചു. പലരും പല വഴിക്ക് തിരിഞ്ഞു. സി.ജി. 1985ല്‍ പീപ്പിള്‍സ് തിയേറ്റേഴ്സ് എന്ന പേരില്‍ കായംകുളത്ത് ഒരു നാടകട്രൂപ്പ് ആരംഭിച്ചു. കെ.പി.എ.സി. സുലോചന ഭദ്രദീപം കൊളുത്തി. സി.ജിയെ മലയാള നാടകരംഗത്തെ പ്രമുഖരില്‍ ഒരാളായി ഉയര്‍ത്തിയത് ഈ ട്രൂപ്പാണ്.


ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി രചിച്ച അഗ്നിഗോളം എന്ന നാടകത്തിലെ അഭിനയം സഹൃദയരുടെ അംഗീകാരത്തിന് ഇട നല്‍കി. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന മനുഷ്യജീവിതത്തിന്‍റെ അവസ്ഥ വരച്ചുകാട്ടിയ ചിലന്തിവല അരങ്ങില്‍ വേണ്ടത്ര തിളങ്ങിയില്ല.

അതിനു ശേഷം രചിച്ച കുരുതിക്കളം കൂടുതല്‍ നാടകം രചിക്കാനും സംവിധാനം ചെയ്യാനും പ്രചോദനമായി. ഈ നാടകമാണ് കേരള നാടകവേദിയില്‍ സി.ജിയെ ഉയര്‍ത്തിക്കാട്ടിയത്. സ്വന്തം സമിതിക്ക് വേണ്ടി രചിച്ച നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

സി.ജെ. തോമസിന്‍റെ അവന്‍ വീണ്ടും വരുന്നു എന്ന നാടകത്തെയും ആര്‍തര്‍ മില്ലറിന്‍റെ ആള്‍ മൈ സണ്‍സ് -നെയും (ആള്‍ക്കൂട്ടത്തില്‍ ഏകാകി എന്ന പേരില്‍), ആചാര്യ പി.കെ. ആത്രേയുടെ നിശബ്ദം കോടതി കൂടിക്കൊണ്ടിരിക്കുന്നു, മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി എന്ന വിവര്‍ത്തന നാടകത്തെയും സാധാരണ ജനത്തിന് പരിചപ്പെടുത്തി.

കുരുതിക്കളം, വിമോചനസമരം എന്നിങ്ങനെ രണ്ടു സിനിമകള്‍ക്ക് തിരക്കഥാകാരനുമായി.

ജീവിതത്തെ കലയ്ക്കു വേണ്ടി മാറ്റിവച്ച സി.ജി. കായംകുളം മേനം വീട്ടില്‍ നാണുകുറുപ്പിന്‍റെയും ചാത്തവന കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു.

1987 മേയ് 27ന് അന്തരിക്കുന്പോള്‍, അദ്ദേഹം ജന്മം നല്‍കിയ പീപ്പിള്‍സ് തിയേറ്റേഴ്സ് ഏറെക്കുറെ മങ്ങിത്തുടങ്ങിയിരുന്നു.

മകന്‍ രാജേന്ദ്രബാബു (മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം മേധാവി) അച്ഛന്‍റേതുള്‍പ്പടെ പല നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും പ്രസ്ഥാനത്തെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

വെബ്ദുനിയ വായിക്കുക