കേരളനടനത്തിന്റെ ആചാര്യനും പ്രശസ്ത നര്‍ത്തകനുമായ ഗുരു ഗോപിനാഥിന്റെ ‘ദേശീയ നൃത്ത മ്യൂസിയം’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലാണ് ‘ദേശീയ നൃത്ത മ്യൂസിയം’ സ്ഥാപിതമാവുന്നത്.
മ്യൂസിയത്തിലെ ഗാലറികളില്‍ വിവിധ നൃത്ത രൂപങ്ങളുടെ ഉത്ഭവും വികാസവും വേഷവിധാനങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കും. ഓരോ നൃത്തരൂപത്തെയും വെളിച്ചവും ശബ്ദവും ദൃശ്യവും കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും പ്രദര്‍ശനമൊരുക്കുക. ഇതിനായി പ്രത്യേക ഓഡിയോ വിഷ്വല്‍ സംവിധാനവും ഉണ്ടായിരിക്കും.
മ്യൂസിയം ഗാലറിയിലേക്കുള്ള പ്രദര്‍ശന വസ്തുക്കള്‍ പ്രശസ്തരായ നര്‍ത്തകരും ഗുരുക്കന്‍മാരുമാണ് സംഭാവന ചെയ്യുന്നത്. ഗുരു വാല്‍മീകി ബാനര്‍ജി, വിപി ധനഞ്ജയന്‍, ഗുരു ഗോപാലകൃഷ്ണന്‍, കമലാഹാസന്‍, ശോഭന, പദ്മാ സുബ്രമഹ്‌ണ്യം, യാമിനി കൃഷ്ണമൂര്‍ത്തി, ദക്ഷാ സേത്ത് തുടങ്ങിയ നൃത്തരംഗത്തെ പ്രമുഖര്‍ തങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള വസ്തുക്കള്‍ മ്യൂസിയത്തിന് കൈമാറാമെന്ന് സമ്മതിച്ചിരിക്കുന്നു.
നിരൂപകനും നര്‍ത്തകനുമായിരുന്ന മോഹന്‍കോക്കര്‍ താന്‍ ശേഖരിച്ച എല്ലാ നൃത്തസംബന്ധിയായ രേഖകളും വസ്‌തുക്കളും ചെന്നൈയിലെ വസതിയില്‍ സ്വകാര്യമായി സംരക്ഷിച്ചിരുന്നു. കോക്കറുടെ ശേഖരം മൊത്തമായി നടനഗ്രാമത്തിന് കൈമാറാമെന്ന് ഭാര്യയും നര്‍ത്തകിയുമായ സരോജയും മകന്‍ പ്രഫ. ആഷിക് മോഹന്‍ കോക്കറും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഭാരതത്തിലങ്ങോളമിങ്ങോളമുള്ള നൃത്തസംബന്ധിയായ വസ്തുക്കള്‍ കൊണ്ട് മ്യൂസിയം ഗാലറി സമ്പന്നമാക്കാനാണ് ശ്രമം.
മൊത്തം ഏഴ് കോടി രൂപയാണ് നൃത്ത മ്യൂസിയം സ്ഥാപിക്കാനായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ഒരു കോടി രൂപ നടനഗ്രാമവും ബാക്കി ആറ് കോടി രൂപ കേന്ദ്ര സര്‍ക്കാരും നല്‍കും. 25,000 ചതുരശ്ര അടിയില്‍ നാല് നില മന്ദിരമാണ് ദേശീയ നൃത്ത മ്യൂസിയത്തിനായി പണിതുയര്‍ത്തുക. ഓണക്കാലത്ത് നിര്‍മ്മാണം തുടങ്ങനാണ് നിശ്ചയിച്ചിട്ടുള്ളത്.
മ്യൂസിയത്തിനോട് അനുബന്ധിച്ച് സെമിനാര്‍ഹാള്‍, മിനി തിയേറ്റര്‍, പഠന-ഗവേഷണ കേന്ദ്രം, ഗവേഷണ ലൈബ്രറി, ഗിഫ്‌ട്‌ഷോപ്പ്, മൊബൈല്‍ മ്യൂസിയം എന്നിവയുമുണ്ടാകും. 2010 ഡിസംബറില്‍ ദേശീയ നൃത്തമ്യൂസിയം യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നത്.